ചന്ദ്രന്റെ നെഞ്ചിലേക്ക് ഇടിച്ചിറങ്ങി മസ്കിന്റെ റോക്കറ്റ്… ആകാംക്ഷയിൽ ശാസ്ത്രലോകം

സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ ഒരുഭാഗം ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങി. ശബ്ദവേഗത്തിന്റെ ഏകദേശം ഏഴിരട്ടി വേഗത്തിൽ റോക്കറ്റ് ഭാഗങ്ങൾ ചന്ദ്രോപരിതലത്തിൽ പതിച്ചു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ആഘാതസ്ഥലവും അതിന്റെ പ്രത്യാഘാതങ്ങളും കണ്ടെത്താൻ ചന്ദ്രനെ ചുറ്റുന്ന പര്യവേക്ഷണ ഉപഗ്രഹങ്ങൾ നിരീക്ഷണം ആരംഭിച്ചു.
സംഭവസ്ഥലത്തിന്റെ ചിത്രങ്ങൾ പകർത്താൻ നാസയുടെ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററും കൊറിയ പാത്ത്ഫൈൻഡർ ലൂണാർ ഓർബിറ്ററിലെ ഷാഡോകാം ഉപകരണവും ശ്രമിക്കുമെന്ന് നാസ അറിയിച്ചു. എന്നാൽ ആഘാതം നടന്ന സ്ഥലം, സൂര്യപ്രകാശത്തിന്റെ ലഭ്യത, ഉപഗ്രഹങ്ങളുടെ ഭ്രമണപഥം എന്നിവയെ ആശ്രയിച്ചായിരിക്കും ചിത്രങ്ങൾ ലഭിക്കുക. അതിനാൽ നിരീക്ഷണഫലങ്ങൾ ലഭിക്കാൻ ഏതാനും ദിവസങ്ങൾ എടുത്തേക്കാമെന്നും നാസ വ്യക്തമാക്കി.




