ശ്രീകാര്യത്തെ കൊലപാതകം… പ്രതിയായ 17 കാരനുമായി പൊലീസിന്റെ തെളിവെടുപ്പ്

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിറാം കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവുകൾ കണ്ടെത്താൻ പൊലീസ്. കേസിലെ പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടി ചൂണ്ടിക്കാണിച്ച സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിവരികയാണ്. കൊലപാതക സമയത്ത് അഭിറാം ധരിച്ചിരുന്ന മൊബൈൽ ഫോൺ, ഷൂ, ഷർട്ട് എന്നിവയാണ് കണ്ടെത്താനുള്ളത്. കൃത്യത്തിനു ശേഷം പ്രതി ഇവ തോട്ടിൽ ഉപേക്ഷിച്ചെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. സംഭവത്തിൽ മണക്കാട് സ്വദേശിയായ ഐടിഐ വിദ്യാർത്ഥിനി അനന്തയെ (18) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതോടെ കേസിൽ പ്രതിയായവരുടെ എണ്ണം മൂന്നായി. ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത സുഹൃത്ത്, രണ്ടാം പ്രതി ശ്രീകാര്യം സ്വദേശിയായ ഉമ്മർ, മൂന്നാം പ്രതിയായ അനന്ത എന്നിവരാണ് കേസിലുള്ളത്. അഭിറാമിന്റെ സുഹൃത്തുമായി പ്രണയത്തിലായിരുന്ന അനന്ത, കേസിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമായി മുൻപ് അടുപ്പത്തിലായിരുന്നു. ഇവർ തമ്മിലുള്ള അകൽച്ചയ്ക്ക് ശേഷമാണ് അനന്ത പുതിയ സുഹൃത്തുമായി പ്രണയത്തിലാകുന്നത്. തുടർന്ന് അനന്ത തന്‍റെ ഇപ്പോഴത്തെ കാമുകനൊപ്പമുള്ള ഫോട്ടോ മുൻ കാമുകന് അയച്ചുകൊടുക്കുകയും, ഇതിൽ പ്രകോപിതനായ മുൻ കാമുകൻ പുതിയ കാമുകനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. ഈ പദ്ധതിയനുസരിച്ച് കാമുകിയുടെ ഫോൺ രണ്ട് ദിവസത്തേക്ക് വാങ്ങിയ ഒന്നാം പ്രതി, അതിലൂടെ ഇൻസ്റ്റാഗ്രാം വഴി അഭിറാമിന് സന്ദേശമയച്ച് പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പാങ്ങപ്പാറയിൽ എത്തിയ അഭിറാം സുഹൃത്തിനെ വിളിച്ചുവരുത്താൻ തയ്യാറാകാത്തതിനെത്തുടർന്ന് തർക്കമുണ്ടായി. ഇതിനിടയിൽ അഭിറാമിന്റെ അച്ഛന്റെ ഫോൺ കോൾ പ്രതി തടസ്സപ്പെടുത്തുകയും, തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിറാമിനെ മർദ്ദിച്ച ശേഷം ബെൽറ്റ്‌ കൊണ്ട് കഴുത്തിൽ മുറുക്കുകയുമായിരുന്നു. തുടർന്നാണ് ഗുണ്ടയായ ഉമറിനെ വിളിച്ചുവരുത്തിയതെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

Related Articles

Back to top button