മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം… അനുമതി തേടി അപേക്ഷിച്ചിരുന്നതായി രേഖകള്‍ പുറത്ത്

കല്‍പറ്റ: മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ വഴിതിരിവായി സ്കൂൾ അധികൃതരുടെ പുതിയ രേഖകള്‍ പുറത്ത്. വിനോദയാത്രയ്ക്ക് അനുമതി തേടി സ്കൂൾ അധികൃതർ ആർഡിഡിക്ക് (റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ്) അപേക്ഷ അയച്ചിരുന്നതിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 14-നാണ് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കുള്ള അനുമതി തേടി അപേക്ഷ അയച്ചത്. എന്നാൽ രണ്ട് മാസത്തോളം കാത്തിരുന്നിട്ടും യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല.

ഇതേത്തുടർന്നാണ് ഒക്ടോബർ 25-ന് വിനോദയാത്ര പോയത്. പലപ്പോഴും അപേക്ഷ നല്‍കിയാല്‍ മറുപടി ലഭിക്കാറില്ലാത്തതിനാലാണ് യാത്ര പോയതെന്നാണ് വിശദീകരണം. വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആരോപണത്തെത്തുടർന്നാണ് വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ വൈദ്യപരിശോധനയിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. കുട്ടികൾ അപക്വമായി പകർത്തിയ ദൃശ്യങ്ങൾ ചിലർ രാഷ്ട്രീയമായി ഉപയോഗിച്ചതാണ് ആരോപണത്തിന് പിന്നിലെന്നായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം. എങ്കിലും, ആർഡിഡിയുടെ അനുമതി തേടാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും വിനോദയാത്ര സംഘടിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്കൂളിൽ നിന്ന് സ്ഥലംമാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പഠിപ്പ് മുടക്കി പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടയിലാണ് അധികൃതർ നേരത്തെ തന്നെ അനുമതി തേടി അപേക്ഷിച്ചിരുന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നത്.

Related Articles

Back to top button