പുതിയ ബാര്‍ ലൈസന്‍സ് വിവാദം: പൊതുജനം ഉപയോഗിക്കുന്ന ബാറുകളല്ല… വിശദീകരണവുമായി….

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ സാംബശിവ റാവു രംഗത്ത്. ജൂൺ മാസത്തിൽ അനുവദിച്ച ലൈസൻസുകൾ പൊതുജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന ബാറുകൾക്കല്ലെന്നും, സർക്കാർ സ്ഥാപനമായ സിയാലിന്റെ (CIAL) അപേക്ഷ പ്രകാരമാണ് ലോഞ്ചിൽ ലൈസൻസ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു ബാർ ലൈസൻസ് അപേക്ഷ ജൂൺ മാസത്തിൽ സർക്കാരിന് കൈമാറിയിരുന്നുവെന്നും, ഓഗസ്റ്റ് മാസത്തിലെ സർക്കാർ മറുപടിക്ക് ശേഷം പുതിയ ലൈസൻസുകളൊന്നും അനുവദിച്ചിട്ടില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. എന്നാല്‍ ബാർ ലൈസൻസ് പുതുക്കലിന് പിന്നാലെ പുതിയ ബാർ ലൈസൻസ് അനുവദിച്ച വിവരം പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ ‘ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ്’ കമ്പനിക്ക് ബാർ ലൈസൻസുകൾ അനുവദിച്ചതിന്റെ രേഖകളാണ് പുറത്തുവന്നത്. വിമാനത്താവളത്തിലെ ലോഞ്ച് ബാറിനുള്ള ‘എഫ്.എൽ-7’ (FL-7) ലൈസൻസ് കഴിഞ്ഞ ജൂൺ 22-നാണ് സർക്കാർ നിർദേശം മറികടന്ന് നൽകിയത്.




