മുണ്ടത്തിക്കോട് ദുരന്തം…. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി കല്യാൺ ജ്വല്ലേഴ്സ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായി 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കല്യാൺ ജ്വല്ലേഴ്സ് എം.ഡി ടി.എസ്. കല്യാണരാമൻ അറിയിച്ചു. ധനസഹായ തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏൽപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ദുരന്തബാധിതർക്ക് ആശ്വാസമായി സംസ്ഥാന സർക്കാരും വലിയ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും ഉൾപ്പെടെയാണിത്. പരിക്കേറ്റവർക്ക് അടിയന്തര സഹായമായി 2 ലക്ഷം രൂപ വീതം അനുവദിച്ചു. പരിക്കേറ്റവരുടെ ആറ് മാസത്തെ ചികിത്സാ ചെലവ് സർക്കാർ പൂർണ്ണമായും ഏറ്റെടുക്കും. അതിൽ കൂടുതൽ ചികിത്സ വേണ്ടിവരുന്നവർക്ക് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം സ്വകാര്യ ആശുപത്രികളിലെ ചെലവും അനുവദിക്കും. രക്ഷാപ്രവർത്തനത്തിനായി പൊളിച്ചുമാറ്റിയ മതിലുകളും നികത്തിയ വയലുകളും പൂർവ്വസ്ഥിതിയിലാക്കാൻ കളക്ടറുടെ ശുപാർശ പ്രകാരം ഫണ്ട് നൽകും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.



