മുണ്ടത്തിക്കോട് സ്ഫോടനം… ദുരന്തത്തെ വർഗീയവൽക്കരിക്കരുത്… വിദ്വേഷ പ്രചാരണത്തിനെതിരെ എം.വി. ഗോവിന്ദൻ

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാടിനെ നടുക്കിയ ദുരന്തത്തെ തെറ്റായ ദിശയിലേക്ക് തിരിച്ചുവിടാനുള്ള നീക്കങ്ങളിൽ നിന്ന് എല്ലാവരും പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തത്തെ വർഗീയ ചുവയോടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് അത്യന്തം നിർഭാഗ്യകരമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. എന്തും എഴുതാനും പറയാനും അവകാശമുണ്ടെന്നു കരുതി ഇത്തരം സാഹചര്യങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി നാളെ രാവിലെ 10.30-ന് നിർണ്ണായക അവലോകന യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഹൈക്കോടതി അനുമതിയോടെ ചേരുന്ന യോഗത്തിൽ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം പ്രതിനിധികളും ജില്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കും. ദേവസ്വങ്ങളുമായി സംസാരിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. സർക്കാർ ഏകപക്ഷീയമായി ഒന്നും തീരുമാനിക്കില്ല. ഐസിയുവിൽ കഴിയുന്ന 10 പേർ ഉൾപ്പെടെയുള്ളവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രിക്ക് അപകടസ്ഥലത്ത് എത്താൻ കഴിയാത്തതെന്നും സ്പെഷ്യൽ ക്യാബിനറ്റ് യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ എണ്ണം കണക്കാക്കാൻ കെഡാവർ പരിശോധനകൾ തുടരുകയാണ്. ഇന്നത്തെ പരിശോധനകൾ കൂടി പൂർത്തിയായാൽ മാത്രമേ അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ വ്യക്തത വരികയുള്ളൂ.

Related Articles

Back to top button