തൃശ്ശൂരിൽ വീണ്ടും ശംഖുവരയൻ ഭീതി… വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു…..

തൃശ്ശൂർ: ജില്ലയിൽ വീണ്ടും ശംഖുവരയൻ പാമ്പിന്റെ ആക്രമണം. വാണിയംപാറ കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദം (രണ്ടര വയസ്സ്) എന്ന ബാലനാണ് പാമ്പുകടിയേറ്റത്. വീട്ടിലെ ശുചിമുറിയിൽ വെച്ചാണ് കുട്ടിക്ക് കടിയേറ്റത്. ഉടൻ തന്നെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതീവ മാരകമായ വിഷമുള്ള ശംഖുവരയൻ പാമ്പുകൾ ജില്ലയിൽ ഭീതി പടർത്തുകയാണ്. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫിൽജോയുടെ മകൻ ആൽജോ ശംഖുവരയന്റെ കടിയേറ്റ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പുകടിയേറ്റിരുന്നു.
ഉറങ്ങിക്കിടന്ന കുട്ടികളെയാണ് അന്ന് പാമ്പ് കടിച്ചത്. വായിൽ നിന്ന് നുരയും പതയും വന്നതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റ വിവരം പുറത്തറിയുന്നത്. വീടിനുള്ളിലെ ഹാളിന് സമീപത്ത് നിന്നാണ് അന്ന് പാമ്പിനെ കണ്ടെത്തിയത്. ആ സംഭവത്തിന്റെ നടുക്കം മാറും മുൻപേയാണ് വാണിയംപാറയിലും സമാനമായ ആക്രമണം ഉണ്ടായിരിക്കുന്നത്.
മഴക്കാലം ആരംഭിക്കുന്നതോടെ പാമ്പുകൾ വീടിനുള്ളിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണെന്നും, ശുചിമുറികളും പരിസരവും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ശംഖുവരയൻ പാമ്പ് കടിച്ചാൽ വേദനയോ തടിപ്പോ പുറമെ കാണാത്തത് പലപ്പോഴും അപകടം തിരിച്ചറിയാൻ വൈകിപ്പിക്കാറുണ്ട്.



