‘നിലാവ് ഉദിക്കുന്നുണ്ട്, ഭാവികേരളം കെ.സിക്ക് ഒപ്പം’; പോസ്റ്റുമായി പിഡിപി നേതാവ്

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകവേ കെ.സി വേണുഗോപാലിന് പിന്തുണയുമായി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്. ‘നിലാവ് ഉദിക്കുന്നുണ്ട്. നിഴൽ മാറി പ്രഭയിലേക്ക്…. കാത്തിരിക്കുന്നു’ എന്ന കുറിപ്പോടെ കെ.സി വേണുഗോപാലിന്റെ ചിത്രം റജീബ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ഭാവി കേരളം, കെസിക്കൊപ്പം, അയാൾ വരുന്നു’ എന്നും പോസ്റ്ററിൽ പറയുന്നുണ്ട്.
അതേസമയം, ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ ഇന്ന് നടന്ന ഹൈക്കമാൻഡ് ചർച്ചയിലും തീരുമാനമായില്ല. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നാല് മണിക്കൂറിലേറെ നീണ്ട ചർച്ചയാണ് ഇന്ന് നടന്നത്. തീരുമാനം ഉടനെയുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി അറിയിച്ചു
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ദീപ ദാസ്മുൻഷി, കേന്ദ്ര നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ്മാക്കൻ എന്നിവരും രമേശ് ചെന്നിത്തല കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, സണ്ണി ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഒരുമിച്ചുള്ള ചർച്ചകൾക്ക് ശേഷം മൂന്നു പേരുമായും നേതാക്കൾ വെവ്വേറെ ചർച്ച നടത്തി.
തങ്ങൾക്ക് വേണ്ടി പ്രവർത്തകരാരും നിരത്തിലിറങ്ങരുതെന്ന് മൂന്ന് നേതാക്കളും ആവശ്യപ്പെട്ടു. തങ്ങൾക്ക് വേണ്ടി പ്രവർത്തകർ ചേരി തിരിഞ്ഞ് നിരത്തിലിറങ്ങരുതെന്നും സ്ഥാപിച്ച ബോർഡുകൾ എടുത്ത് മാറ്റണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. വ്യക്തിപരമായ രീതിയിൽ ബോർഡുകൾ വെക്കരുതെന്നും നേതാക്കളെ ഇഷ്ടപ്പെടുന്നത് നല്ലതാണ്, മറ്റുള്ളവരെ മോശമാക്കരുതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ചേരി തിരിഞ്ഞുള്ള പ്രതിഷേധങ്ങൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും എല്ലാ പ്രവർത്തകരും കോൺഗ്രസ് നേതൃത്വമെടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.



