‘അവർക്കേ അറിയില്ല, പിന്നെ ഞാൻ എങ്ങനെ പറയാനാണ്’; കോൺഗ്രസിനെ ട്രോളി നടി കൃഷ്ണപ്രഭ

കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകളിൽ ഇതുവരെയും അന്തിമതീരുമാനമായിട്ടില്ല. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നീണ്ട ഹൈക്കമാൻഡ് യോഗത്തിനുശേഷവും ഒരേയൊരു പേരിൽ ഏകോപനം ഉണ്ടാകാതിരുന്നതിനാൽ തീരുമാനം പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് വിട്ടു. ഘടകകക്ഷികളുമായുള്ള കൂടിക്കാഴ്ചകൾക്ക് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. കോൺഗ്രസിനെ പരിഹസിച്ചും വിമർശിച്ചും നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. ഇതിനിടെ നടി കൃഷ്ണപ്രഭ നടത്തിയ പ്രതികരണവും ശ്രദ്ധ നേടുകയാണ്.
യുഡിഎഫ് അധികാരത്തിലെത്താനിരിക്കെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് ആഗ്രഹമെന്ന ചോദ്യത്തിന് കൃഷ്ണ പ്രഭ നൽകിയ മറുപടി ഇങ്ങനെ: ‘അവർക്കേ അറിയില്ല, പിന്നെ ഞാൻ എങ്ങനെ പറയാനാണ്’. തീരുമാനമില്ലാത്ത സാഹചര്യത്തിൽ താൻ അഭിപ്രായം പറയുന്നതിൽ അർഥമില്ലെന്നും താരം പ്രതികരിച്ചു.
അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സോണിയ ഗാന്ധിയുടെ നിലപാട് നിർണായകമാകും. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള കെസി വേണുഗോപാലിന് മുൻതൂക്കം ഉണ്ടെങ്കിലും സോണിയ ഗാന്ധി അനുകൂല തീരുമാനമെടുക്കുമെന്നാണ് വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങളുടെ പ്രതീക്ഷ. എംഎൽഎമാരുടെ പിന്തുണ എന്ന പാർട്ടി മാനദണ്ഡത്തിൽ മാറ്റം ഉണ്ടാകില്ലെന്ന് കെസി പക്ഷം.



