സംസ്ഥാനത്ത് പകുതിയിലേറെ ഡിഇഒ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു… വിദ്യാഭ്യാസ വകുപ്പ്…

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ (ഡിഇഒ) കടുത്ത ക്ഷാമം തുടരുന്നു. സംസ്ഥാനത്തെ 41 ഡിഇഒ തസ്തികകളിൽ നിലവിൽ 20 പേരാണ് സേവനത്തിലുള്ളത്. പ്രമോഷൻ പട്ടിക പുറത്തിറങ്ങാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡിഇഒമാരുടെ അഭാവം കാരണം പുതിയ അധ്യയന വർഷത്തിലെ നിർണായക ഭരണനടപടികൾ വൈകുകയാണ്. സംസ്ഥാനത്ത് നിലവിൽ എത്ര വിദ്യാർഥികൾ സ്കൂളുകളിൽ പഠിക്കുന്നുവെന്നതിന്റെ ഔദ്യോഗിക കണക്കെടുപ്പ് പോലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ലെന്നാണ് വിവരം.

ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ ചുമതല അധികമായി അസിസ്റ്റന്റ് എജുക്കേഷൻ ഓഫീസർമാർക്ക് (എഇഒ) നൽകിയതോടെ അവരുടെ ദൈനംദിന പ്രവർത്തനങ്ങളും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ തന്നെ പ്രമോഷൻ പട്ടിക പുറത്തിറക്കേണ്ടതായിരുന്നുവെങ്കിലും, മുൻ എൽഡിഎഫ് സർക്കാർ അത് നടപ്പാക്കിയിരുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. അതേസമയം, അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരും ഇതുവരെ പ്രമോഷൻ നടപടികൾ പൂർത്തിയാക്കിയിട്ടില്ല. ഡിഇഒമാരുടെ പ്രമോഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും, ഒഴിവുകൾ എത്രയും വേഗം നികത്താൻ ശ്രമം തുടരുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Related Articles

Back to top button