ഒരു മാസമായി കാണാനില്ല…. അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം… വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചുമൂടിയതായി സംശയം. പച്ചടി സ്വദേശിനി മേരിക്കുട്ടി, മകൻ റെജി എന്നിവരെയാണ് ഒരു മാസമായി കാണാതായത്. വീടിന്റെ പരിസരത്ത് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി.

ഈ മാസം രണ്ടാം തീയതി മുതലാണ് മേരിക്കുട്ടിയെയും റെജിയെയും കാണാതാകുന്നത്. ഇളയ മകനായ 45-കാരനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. അമ്മയെയും സഹോദരനെയും കുറിച്ച് നാട്ടുകാരും ബന്ധുക്കളും ചോദിച്ചപ്പോൾ ഇയാൾ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയിരുന്നത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മേരിക്കുട്ടിയുടെ മകൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെത്തുടർന്ന് പോലീസ് സംഘം വീട്ടിലെത്തിയതോടെ ഇളയ മകൻ ഓടി രക്ഷപ്പെട്ടു. ഇതോടെ സംശയം ബലപ്പെടുകയും പോലീസ് നടത്തിയ തിരച്ചിലിൽ വീട്ടുപരിസരത്ത് കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തുകയുമായിരുന്നു. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ മേരിക്കുട്ടിയുടേതാണോ റെജിയുടേതാണോ എന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. ഇളയ മകനെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. കുടുംബപ്രശ്നങ്ങളാണോ അതോ മറ്റ് കാരണങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Related Articles

Back to top button