ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി വർധിപ്പിച്ച് സർക്കാർ

ഓണക്കാലത്തിന് മുന്നോടിയായി സംസ്ഥാനത്തെ ആധാരം എഴുത്തുകാർ, പകർപ്പെഴുത്തുകാർ, സ്റ്റാമ്പ് വെണ്ടർമാർ എന്നിവർക്കായി സംസ്ഥാന സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് നൽകുന്ന ഓണക്കാല ഉത്സവബത്ത 5,500 രൂപയിൽ നിന്ന് 6,000 രൂപയായി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ ഒ. ജെ. ജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്താകെ ഏകദേശം 6,000 ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കാണ് വർധിപ്പിച്ച ഉത്സവബത്തയുടെ ആനുകൂല്യം ലഭിക്കുക. ഓണക്കാല ചെലവുകൾക്ക് ആശ്വാസമാകുന്ന തീരുമാനമാണിതെന്ന് മന്ത്രി അറിയിച്ചു.
യോഗത്തിൽ മറ്റൊരു സുപ്രധാന തീരുമാനവും കൈക്കൊണ്ടു. ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പാ പരിധി 3 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയായി ഇരട്ടിയാക്കി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.
കൂടാതെ, മരിച്ച ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച് കെട്ടിക്കിടക്കുന്ന അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
യോഗത്തിൽ ക്ഷേമനിധി ബോർഡ് അംഗങ്ങളും വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്റ്റാമ്പ് വെണ്ടർ ലൈസൻസികളുടെ പ്രതിനിധികളായ കെ. ബാഹുലേയൻ നായർ, എം. വി. രമേശ്, വി. വി. ശശിമോൻ, കെ. പ്രസീത, ടി. കെ. ഉമൈസ് എന്നിവരും ബോർഡ് സെക്രട്ടറി പി. കെ. സാജൻകുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു.



