നീറ്റ് യുജി പരീക്ഷയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത… പ്രായപരിധിയും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും പരിഗണനയിൽ

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയിൽ (NEET UG) നിർണായക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പരീക്ഷയ്ക്ക് കൃത്യമായ പ്രായപരിധി ഏർപ്പെടുത്തുന്നതും, നിലവിലെ പേപ്പർ-പെൻ മാരത്തോൺ രീതി മാറ്റി പരീക്ഷ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല സമിതി സമർപ്പിക്കുന്ന ശുപാർശകളുടെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെടുക്കുക.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പാർലമെന്ററി സമിതിക്ക് മുൻപിൽ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) വലിയ വീഴ്ചകൾ സമ്മതിച്ചു. ചോദ്യപേപ്പർ ചോർച്ച പരീക്ഷയുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചുവെന്ന് എൻടിഎ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം പരീക്ഷാ അട്ടിമറികളിൽ പാർലമെന്ററി സമിതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് പുറത്തുവന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും സമിതിയോട് വ്യക്തമാക്കി. അതേസമയം, രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിച്ച ചോദ്യപേപ്പർ ചോർച്ച പോലുള്ള ഗുരുതര സാഹചര്യങ്ങളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിലകുറച്ചു കണ്ടതിൽ സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉന്നത അധികാരികൾ സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. ക്രമക്കേടുകളിൽ എൻടിഎ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ ഏജൻസിയിലെ കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥരെ സിബിഐ ഉടൻ തന്നെ ചോദ്യം ചെയ്തേക്കും. രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ നീറ്റ് ക്രമക്കേടിൽ കർശന നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



