ലോൺ ആപ്പ് കെണി… നാടുവിട്ട കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി… തുണയായത് സഹയാത്രികന്റെ….

ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 25-കാരനായ വിഷ്ണുവിനെ കണ്ടെത്തിയത്. മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലുള്ള മാനസിക വിഷമത്തെത്തുടർന്ന് കഴിഞ്ഞ 13-ാം തീയതിയാണ് വിഷ്ണു നാടുവിട്ടത്.
കഴിഞ്ഞ ഒരാഴ്ചയായി കുടുംബത്തെയും പോലീസിനെയും ഒരുപോലെ മുൾമുനയിൽ നിർത്തിയ തിരോധാനത്തിനാണ് ഇപ്പോൾ ശുഭപര്യവസാനമായിരിക്കുന്നത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യവേ സഹയാത്രികന്റെ ഫോണിൽ നിന്ന് വിഷ്ണു സഹോദരനെ വിളിച്ചതാണ് വഴിത്തിരിവായത്. താൻ നാട്ടിലേക്ക് വരുന്നില്ലെന്ന് വിഷ്ണു പറഞ്ഞെങ്കിലും വീട്ടിലെ സാഹചര്യം പറഞ്ഞ് സഹോദരൻ ബോധ്യപ്പെടുത്തിയതോടെ താരം മടങ്ങാൻ സമ്മതിക്കുകയായിരുന്നു.
ലോൺ ആപ്പിൽ നിന്നും വിഷ്ണു വെറും 10,000 രൂപയാണ് കടമെടുത്തിരുന്നത്. എന്നാൽ ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ക്രൂരമായ ഭീഷണിയാണ് വിഷ്ണുവിനെ തേടിയെത്തിയത്. വിഷ്ണുവിന്റെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി കമ്പനി നിരവധി പേർക്ക് അയച്ചുകൊടുത്തു. ഇതോടെയുണ്ടായ കടുത്ത മാനസിക സമ്മർദ്ദവും ഭയവുമാണ് വിഷ്ണുവിനെ ഒളിവിൽ പോകാൻ പ്രേരിപ്പിച്ചത്. നിലവിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലുള്ള വിഷ്ണുവിനെ കൂട്ടിക്കൊണ്ടുപോകാനായി കുടുംബം കോഴിക്കോട് നിന്ന് തിരിച്ചു. ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയിൽപ്പെട്ട് സംസ്ഥാനത്ത് നിരവധി പേർ ഇതിനകം ജീവനൊടുക്കിയ സാഹചര്യത്തിൽ വിഷ്ണുവിനെ ജീവനോടെ കണ്ടെത്താനായത് വലിയ ആശ്വാസമാണ് നൽകുന്നത്. ലോൺ ആപ്പ് മാഫിയക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന ആവശ്യവും ഇതോടെ വീണ്ടും ശക്തമാവുകയാണ്.



