റെക്കോർഡ് ചൂടിനിടെ ആശ്വാസമായി വേനൽമഴ…. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു

തുടർച്ചയായി റെക്കോർഡുകൾ ഭേദിച്ചുകൊണ്ടിരുന്ന സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. അവധി ദിവസമായതും ചില ജില്ലകളിൽ ലഭിച്ച വേനൽമഴയുമാണ് വൈദ്യുതി ഉപയോഗം കുറയാൻ കാരണമായത്. ശനിയാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ആശ്വാസ വാർത്ത. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 110 ദശലക്ഷം യൂണിറ്റിന് മുകളിൽ തുടർന്ന ഉപഭോഗം ഇന്നലെ 106.03 ദശലക്ഷം യൂണിറ്റിലേക്ക് താഴ്ന്നു. ശനിയാഴ്ചയായിരുന്നു കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത്—117.16 ദശലക്ഷം യൂണിറ്റ്. ഇതിൽ നിന്നുമാണ് 11 യൂണിറ്റോളം കുറവുണ്ടായിരിക്കുന്നത്.

വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും (Peak Load) ഇന്നലെ കാര്യമായ കുറവുണ്ടായി. 5600 മെഗാവാട്ടായിരുന്നു ഇന്നലത്തെ ഉയർന്ന ആവശ്യകത. ഉപയോഗിച്ച മൊത്തം വൈദ്യുതിയിൽ 19.55 ദശലക്ഷം യൂണിറ്റ് ആഭ്യന്തര ജലവൈദ്യുതി പദ്ധതികളിൽ നിന്ന് ഉൽപ്പാദിപ്പിച്ചു. ബാക്കി 84.37 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈകുന്നേരങ്ങളിലുണ്ടായ വേനൽമഴ എസി, കൂളർ എന്നിവയുടെ ഉപയോഗം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. എങ്കിലും വരും ദിവസങ്ങളിൽ ചൂട് വർദ്ധിക്കാനിടയുള്ളതിനാൽ ഉപഭോഗം വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. ഗാർഹിക ഉപഭോക്താക്കൾ വൈകുന്നേരത്തെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന നിർദ്ദേശം ഇപ്പോഴും തുടരുകയാണ്.

Related Articles

Back to top button