പരീക്ഷ കൺട്രോളറെ തിരികെ പ്രവേശിപ്പിക്കാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലായി കെടിയു…പരീക്ഷകൾ മുടങ്ങുമോ എന്ന ആശങ്കയിൽ വിദ്യാർഥികൾ…

തിരുവനന്തപുരം: പരീക്ഷ കൺട്രോളർ ഡോ.വിനു തോമസിനെ തരംതാഴ്ത്തിയ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയിട്ടും വിസി തിരികെ പ്രവേശിപ്പിച്ചില്ല. കേരള സാങ്കേതിക സർവകലാശാല അസാധാരണ പ്രതിസന്ധിയിൽ. ഇതോടെ പരീക്ഷകൾ മുടങ്ങുമോ എന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക. ഐഎച്ച്ആർഡി ഡയറക്ടർ വി.എ അരുൺകുമാറാണ് ചട്ടങ്ങൾ മറികടന്ന് വിനു തോമസിനെ അസോസിയേറ്റ് പ്രൊഫസറായി തരംതാഴ്ത്തിയത്.

കാലങ്ങളായി തുടരുന്നതാണ് കേരള സാങ്കേതിക സർവകലാശാലയിലെ അധികാര രാഷ്ട്രീയ പോര്. സർക്കാർ ഗവർണർ പോരിനൊടുവിൽ സമവായത്തിലൂടെയാണ് കെടിയുവിൽ സ്ഥിരം വൈസ് ചാൻസലറായി സിസ തോമസ് നിയമിതയായത്. എന്നാൽ അവിടെയും പ്രശ്നങ്ങൾ അവസാനിച്ചില്ല. പരീക്ഷാക്കാലം തുടങ്ങുന്നതിന് തൊട്ടു മുൻപ് കൺട്രോളർ ചുമതലയുള്ള അക്കാദമിക് ഡീൻ വിനു തോമസിനെ മാറ്റിയതാണ് പുതിയ പ്രതിസന്ധി. പ്രൊഫസർ സ്ഥാനത്തുനിന്ന് അസോസിയേറ്റ് പ്രൊഫസറായി ഐഎച്ച്ആർഡി ഡയറക്ടറും വി.എസ് അച്യുതാനന്ദന്റെ മകനുമായ വി.എ അരുൺകുമാറിന്റെ തരംതാഴ്ത്തൽ നടപടിയാണ് വിനു തോമസിനെ മാറ്റാനുള്ള കാരണം. ഐഎച്ച്ആർഡിക്ക് കീഴിലെ തൃക്കാക്കര കോളേജ് പ്രിൻസിപ്പൽ ആയിരുന്ന വിനു തോമസ് ഡെപ്യൂട്ടേഷനിലാണ് സാങ്കേതിക സർവകലാശാല ഡീൻ ആയത്. ഡോ.വിനു തോമസിനെ ചട്ടങ്ങൾ മറികടന്നാണ് ഐഎച്ച്ആർഡി ഡയറക്ടർ അസോസിയേറ്റ് പ്രൊഫസർ ആയി തരംതാഴ്ത്തിയത്.

ചട്ടപ്രകാരം ഡയറക്ടർക്ക് അത്തരമൊരു അധികാരമില്ല. പിന്നാലെയാണ് കെടിയു വിസി സിസ തോമസ് പരീക്ഷാ കൺട്രോൾ ചുമതലയിൽ നിന്നും അക്കാദമിക് ഡീൻ സ്ഥാനത്തുനിന്നും വിനു തോമസിനെ നീക്കിയത്. എന്നാൽ ഐഎച്ച്ആർഡി ഡയറക്ടറുടെ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. എന്നിട്ടും വിനു തോമസിനെ കെടിയുവിലെ തൽസ്ഥാനത്ത് തിരിച്ചെടുക്കാൻ സിസ തോമസ് തയ്യാറായില്ല. പകരം ചുമതല വിസി നൽകിയിരിക്കുന്നത് റിസർച്ച് ഡീൻ ആയ ഡോക്ടർ ലിബിഷ് ടി.എമ്മിനാണ്. അക്കാദമിക്, റിസർച്ച് ചുമതല കൂടി വഹിക്കുന്ന ആളാണ് ഡോക്ടർ ലിബീഷ്.

ഇതോടെ പരീക്ഷ നടത്തിപ്പാണ് പ്രതിസന്ധിയിൽ ആകുന്നത്. ഡോക്ടർ വിനു തോമസിനെതിരായ വി.എസ് അരുൺകുമാറിന്റെ നടപടിയിൽ ഇടതു സംഘടനകളും പരസ്യപ്രതിഷേധത്തിലാണ്. അരുൺകുമാറിന്റെ ഐഎച്ച്ആർ‍ഡി നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിലെ പ്രതികാര നടപടി എന്നും ആരോപണമുണ്ട്.

Related Articles

Back to top button