അതൃപ്തി തണുപ്പിക്കാൻ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്, മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി

വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്. മന്ത്രിയുടെ അതൃപ്തിക്കിടെയാണ് കൂടിക്കാഴ്ച. പ്രതിസന്ധി ഉൾപ്പടെ വിഷയങ്ങൾ ചർച്ചയായെന്ന് വിവരം. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങൾ ചെയർമാൻ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി മന്ത്രിയും മുഖ്യമന്ത്രിയും പരസ്യപ്പോരുമായി രം​ഗത്തെത്തിയ സാഹചര്യത്തിലാണ് കെഎസ്ഇബി ചെയർമാൻ മന്ത്രിയെ കണ്ടത്. വൈദ്യുതി കരാറിലാണ് സണ്ണി ജോസഫും മുഖ്യമന്ത്രിയും പരസ്യ ഏറ്റുമുട്ടലിലെത്തിയത്. മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി തന്നെ പരസ്യമായി രം​ഗത്ത് വരുന്ന അപൂർവ സാഹചര്യമാണുണ്ടായത്. മന്ത്രിയെ തള്ളി മുഖ്യമന്ത്രിയും പോര് കടുപ്പിച്ചു. താനൊന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രി പറയുന്നു. എല്ലാം മന്ത്രിയെ അറിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനറുയർത്തിയ പരസ്യവിമർശനത്തിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫ് പരസ്യയുദ്ധം മുഖ്യമന്ത്രിക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്നത്.

സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലായെന്ന് യുഡിഎഫ് കൺവീനർ തന്നെ പരസ്യമായി പരിഹസിച്ചത് വൈദ്യുതി കരാർ ചൂണ്ടിക്കാട്ടിയാണ്. മുഖ്യമന്ത്രിയാണ് എല്ലാം തീരുമാനിച്ചതെന്ന് പറഞ്ഞ് അതൃപ്തി നേരിട്ട് പറയാതിരുന്ന സണ്ണി ജോസഫ് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് പോര് പരസ്യമാക്കുകയാണ്. വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പറയുന്നത് ജിഎൻഎ കരാ‍ർ വേണ്ടെന്ന് വയ്ക്കാനാണെന്ന് സണ്ണി ജോസഫ് തുറന്നടിച്ചു. എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നത് അറിയില്ലെന്ന് ഒരു വൈദ്യുതിമന്ത്രിക്ക് പരസ്യമായി പറയേണ്ടിയും വരുന്നു. മന്ത്രിയെ അവ​ഗണിച്ച് പവ‍ർ സെക്രട്ടറിയും വൈദ്യുതി ബോർഡ് ചെയ‍ർമാനും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിച്ചതിൽ മന്ത്രിക്കുള്ള കടുത്ത പ്രതിഷേധമാണ് മറനീക്കി പുറത്ത് വരുന്നത്.

Related Articles

Back to top button