കേരളത്തിൽ നഴ്സിങ് സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും… മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ നഴ്സിങ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഘട്ടംഘട്ടമായി പുതിയ തസ്തികകൾ സൃഷ്ടിച്ച് നഴ്സുമാരുടെ ജോലിഭാരം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നഴ്സിങ് വിദ്യാഭ്യാസം കേരളത്തിന് പുറത്തുനിന്ന് സംസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും നഴ്സിങ് സർവകലാശാല യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകത്ത് മറ്റെവിടെയും ലഭിക്കാത്ത തരത്തിലുള്ള പ്രായോഗിക പരിശീലനമാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
രോഗം നേരത്തേ കണ്ടെത്തി പ്രതിരോധിക്കുന്ന സാങ്കേതികവിദ്യകളിലേക്ക് ലോകം മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട ചികിത്സാരീതി ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ജിഎൻഎയുമായി കരാർ ഒപ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈദ്യുതി ബോർഡ് കരാർ ഉണ്ടാക്കിയാൽ മാത്രമല്ലേ അതിൽ നിന്ന് പിന്മാറാൻ കഴിയൂവെന്നും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് വാർത്തകൾ വരുന്നതെന്നും അദ്ദേഹം വിമർശിച്ചു. വൈദ്യുതി മന്ത്രി അയച്ച ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയപ്പോൾ രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി നൽകുന്ന ഹിമാചൽ കരാറും 8.63/8.90 രൂപയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്ന ജിഎൻഎ കരാറുമായിരുന്നു അവ. ഹിമാചലിൽ നിന്നുള്ള വൈദ്യുതി ഇതിനകം രാജസ്ഥാനിന് 15.50 രൂപയ്ക്ക് നൽകിയെന്ന വിവരവും ഫയലിലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് ഓപ്ഷനുകളും താരതമ്യം ചെയ്തപ്പോൾ ജിഎൻഎയുടേതാണ് മികച്ചതെന്ന് മനസ്സിലായെങ്കിലും കരാർ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ വൈദ്യുതി ആവശ്യമില്ലെന്ന വൈദ്യുതിമന്ത്രിയുടെ നിലപാട് നൂറുശതമാനം ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വരും മാസങ്ങളിൽ വൈദ്യുതി ആവശ്യമായി വരും. ആസൂത്രണത്തിലെ വീഴ്ചയാണ് സംസ്ഥാനത്ത് പവർകട്ട് ഉൾപ്പെടെയുള്ള സാഹചര്യമുണ്ടാകാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതിക്ക് വില കുറവായിരുന്ന സമയത്ത് ദീർഘകാല കരാർ ഉണ്ടാക്കാതിരുന്നതാണ് കഴിഞ്ഞ സർക്കാരിന്റെ വീഴ്ചയെന്നും മുഖ്യമന്ത്രി വിമർശിച്ചു.




