ചക്കയുടെ ഡിമാന്റ് വർധിക്കുന്നു; ദിവസവും അതിർത്തി കടക്കുന്നത് നൂറുകണക്കിന് ലോഡുകൾ

ഇടിയന്‍ ചക്കയ്ക്ക് മുതല്‍ മൂപ്പൊത്ത ചക്കയ്ക്ക് വരെ വിപണിയിൽ ഡിമാന്റ് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ആര്‍ക്കും വേണ്ടാതിരുന്ന ചക്ക ഇന്ന് നൂറുകണക്കിന് ലോഡാണ് ദിവസവും അതിർത്തി കടക്കുന്നത്. പറമ്പില്‍ അഞ്ചോ പത്തോ പ്ലാവ് ഉണ്ടെങ്കില്‍ നല്ല വരുമാനമാണ് ഇന്ന് ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ഡിമാന്‍ഡ് വര്‍ധിച്ചതും ബിസ്‌കറ്റ് ഉള്‍പ്പെടെ നിര്‍മിക്കുന്നതിന് ആവശ്യകത വര്‍ധിച്ചതുമാണ് ചക്കയുടെ രാശി തെളിയാന്‍ ഇടയാക്കിയത്.
ഓരോ ദിവസവും നൂറുകണക്കിന് ലോഡ് ചക്കയാണ് കേരള അതിര്‍ത്തി കടന്നു പോകുന്നത്. മൂത്ത് പാകമാകാത്ത ഇടിയന്‍ ചക്ക മുതല്‍ മൂപ്പൊത്ത ചക്ക വരെ ഇത്തരത്തില്‍ ഡിമാന്‍ഡ് ഏറെയാണ്.
ഇടിയന്‍ ചക്ക അയല്‍സംസ്ഥാനങ്ങളിലേക്ക്
ജനുവരി മുതല്‍ ചക്ക എടുക്കുന്ന സംഘങ്ങള്‍ സജീവമാകും. മൂപ്പ് ആകാത്ത ഇടിയന്‍ ചക്കയ്ക്ക് കിലോയ്ക്ക് 8 മുതല്‍ 12 രൂപ വരെ നല്കിയാണ് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നത്. ഇത് പ്രധാനമായും ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലേക്കാണ് പോകുന്നത്. മധ്യപ്രദേശില്‍ ഒരുകിലോ ഇടിയന്‍ ചക്കയുടെ വില കിലോയ്ക്ക് 60 രൂപ വരെയാണ്. തമിഴ്‌നാട്, കര്‍ണാടക വിപണികളിലും കേരളത്തില്‍ നിന്നുള്ള ഇടിയന്‍ ചക്ക സുലഭമാണ്. ഗള്‍ഫിലേക്കും വലിയതോതില്‍ കയറ്റുമതിയുണ്ട്.
രാജ്യത്തെ ചക്ക ഉത്പാദനത്തിന്റെ 45 ശതമാനവും കേരളത്തിലാണ്. സംസ്ഥാനത്ത് ഉണ്ടാകുന്ന ചക്കയുടെ 30 ശതമാനവും പാഴായി പോകുകയാണെന്നാണ് കണക്ക്.
ഇടിയന്‍ ചക്ക ഒന്നിന് 70 രൂപ വരെ നേരത്തേ കര്‍ഷകനു ലഭിക്കുന്നുണ്ട്. പലയിടത്തും പല വിലയക്കാണ് ഇടനിലക്കാര്‍ എടുക്കുന്നത്. റോഡ് സൈഡില്‍ നല്ല വില നല്കുമ്പോള്‍ വാഹനമെത്താത്ത പറമ്പുകളില്‍ നിന്നുള്ള ചക്കയ്ക്ക് ഡിമാന്‍ഡ് കുറവാണ്. ഇവിടങ്ങളില്‍ അഞ്ചു മുതല്‍ 10 വരെ കിലോഗ്രാം വരെ തൂക്കമുള്ള മൂക്കാത്ത ചക്ക ഒന്നിന് കിട്ടുന്നത് 25-30 രൂപ മാത്രമാണ് ലഭിക്കുക.
മൊത്തക്കച്ചവടക്കാര്‍ എടുക്കുന്ന ചക്ക പായ്ക്കു ചെയ്ത് വലിയ ചരക്കുലോറികളില്‍ ഇതര സംസ്ഥാനങ്ങളിലെ ഭക്ഷ്യ സംസ്‌കരണ ഫാക്ടറികളിലേക്കും ഉത്പാദന യൂണിറ്റുകളിലേക്ക് അയയ്ക്കുകയാണ് പതിവ്.
ചിപ്‌സ് നിര്‍മാതാക്കള്‍ക്ക് തിരിച്ചടി
10 കിലോഗ്രാമുള്ള ചക്കയ്ക്ക് 400 രൂപയിലേറെ കൊടുക്കേണ്ടിവരുന്നതിനാല്‍ ചിപ്‌സ് നിര്‍മാണം യൂണിറ്റുകളെ ബാധിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ചക്ക ചിപ്‌സ് കയറ്റുമതി ചെയ്യുന്ന നിരവധി ചിപ്‌സ് നിര്‍മാണ യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചക്കയ്ക്ക് ഡിമാന്‍ഡ് കൂടിയതോടെ ഇത്തരം യൂണിറ്റുകള്‍ക്ക് ഉത്പാദന ചെലവ് വര്‍ധിച്ചിട്ടുണ്ട്.
മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് ചക്കയെ വിപണിയിലെ മുന്‍നിരയിലെത്തിച്ചത്. പള്‍പ്പ് ഉണ്ടാക്കുന്ന സംരംഭങ്ങള്‍ വന്നതോടെ കൂഴച്ചക്കയ്ക്കും ആവശ്യക്കാരേറെയാണ്. കൂഴച്ചക്കയുടെ മൃദുവായ ചുളകള്‍ ഐസ്‌ക്രീം, ജാം, ഹല്‍വ, സ്‌ക്വാഷ് എന്നിവയുടെ നിര്‍മാണത്തിന് പള്‍പ്പുരൂപത്തില്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്.
മുന്‍പ് ഇത്തരം പള്‍പ്പുകള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന പല കമ്പനികളും ഇപ്പോള്‍ കേരളത്തിലെ പ്രാദേശിക യൂണിറ്റുകളെയാണ് സമീപിക്കുന്നത്. കയറ്റുമതി വര്‍ധിച്ചതും വെജിറ്റേറിയന്‍ ഭക്ഷണങ്ങളോടുള്ള പ്രിയവും ചക്കയ്ക്ക് രാജകീയ പരിവേഷം നല്കുന്നു



