പ്രോജക്ട് സീറോയ്ക്ക് പിന്നാലെ പരാതി പെരുമഴ; 850 ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് അഴിമതി തടയാൻ വിജിലൻസ് നടപ്പാക്കിയ ‘പ്രോജക്ട് സീറോ’ പദ്ധതിക്ക് വലിയ ജനപിന്തുണ. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഫോൺ, വാട്‌സാപ്പ്, സാമൂഹികമാധ്യമങ്ങൾ എന്നിവ വഴി സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ വ്യാപകമായി ലഭിക്കുന്നതായി വിജിലൻസ് അധികൃതർ അറിയിച്ചു. നിലവിൽ സംസ്ഥാനത്താകെ 850 ഉദ്യോഗസ്ഥരാണ് വിജിലൻസിന്റെ നിരീക്ഷണ പട്ടികയിലുള്ളത്.

അഴിമതിക്ക് സാധ്യതയുള്ള ഓഫീസുകളും സേവനകേന്ദ്രങ്ങളും മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ഇതിനായി പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കൈക്കൂലി കേസുകളിൽ കുടുക്കൽ നടപടികൾ (ട്രാപ്പ് കേസുകൾ) 25 ശതമാനം വർധിപ്പിക്കണമെന്ന നിർദേശവും വിജിലൻസ് ഡയറക്ടർ നൽകിയിട്ടുണ്ട്.

ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ ഇന്റലിജൻസ് വിഭാഗത്തെയും കൂടുതൽ സജീവമാക്കിയിട്ടുണ്ട്. അഴിമതി സംബന്ധിച്ച് കൂടുതൽ പരാതികൾ ഉയരുന്ന രണ്ട് വകുപ്പുകളിൽ ഇവർ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഓരോ അന്വേഷണ ഉദ്യോഗസ്ഥരും മാസത്തിൽ കുറഞ്ഞത് ഒരു ഉറവിട വിവരം ശേഖരിക്കണമെന്നും വർഷത്തിൽ രണ്ട് കേസുകളും ആറ് പ്രാഥമിക അന്വേഷണങ്ങളും പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.

അന്വേഷണത്തിനിടയിൽ തന്നെ പ്രതികളായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനും അനധികൃത സ്വത്തുക്കൾ മരവിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാനും വിജിലൻസ് നിർദേശം നൽകിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി ഇതിനകം ചില നിർണായക നടപടികളും നടന്നിട്ടുണ്ട്. ഡിവൈ.എസ്.പി. ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിലായിട്ടുണ്ട്. ചേർത്തലയിൽ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥനും വിജിലൻസിന്റെ നിരീക്ഷണ പട്ടികയിലുണ്ടായിരുന്നയാളാണെന്ന് അധികൃതർ വ്യക്തമാക്കി.

പ്രതിമാസം ഏകദേശം 3,000 പരാതികളാണ് നേരിട്ടും ഫോണിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലഭിക്കുന്നതെന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി ഈ പരാതികളിൽ കൂടുതൽ കർശനമായ പരിശോധനയും നടപടികളും തുടരുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button