ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ കേരള വിസി ഡോ. മോഹനൻ കുന്നുമ്മൽ….. ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കേരള സർവ്വകലാശാല വൈസ് ചാൻസലർ (വിസി) ഡോ. മോഹനൻ കുന്നുമ്മൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വീണ്ടും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. തിരുവനന്തപുരം ഉദയാ കൺവെൻഷൻ സെന്ററിൽ ശനിയാഴ്ച വൈകീട്ട് നടന്ന ആർഎസ്എസിന്റെ ഔദ്യോഗിക പരിപാടിയിലാണ് വിസി പങ്കെടുത്തത്. ഡോ. മോഹനൻ കുന്നുമ്മൽ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. സംഘപരിവാർ സംഘടനകളുമായി വിസിക്കുള്ള അടുത്ത ബന്ധം മുൻപും സംസ്ഥാനത്ത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും രാഷ്ട്രീയ പോരുകൾക്കും കാരണമായിരുന്നു. അതിനിടയിലാണ് പുതിയ സംഭവം.
ആർഎസ്എസിന്റെ ‘സംഘപരിവാറിന്റെ 100 വർഷങ്ങൾ’ എന്ന പേരിൽ ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത ഈ പരിപാടിയിലേക്ക് വിസി ഡോ. മോഹനൻ കുന്നുമ്മലിനെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു പരിപാടിയിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. അതീവ രഹസ്യമായി സൂക്ഷിച്ച പരിപാടിയിൽ മാധ്യമങ്ങൾക്ക് പൂർണ്ണമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ, കേരള വിസിക്ക് പുറമെ സംസ്ഥാനത്തെ മറ്റൊരു സർവ്വകലാശാലയിലെ വൈസ് ചാൻസലർ കൂടി ഈ പരിപാടിയിൽ പങ്കെടുത്തതായി സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കേരള വിസിയുടെ സംഘപരിവാർ ബന്ധം മുൻപും എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ സംസ്ഥാനവ്യാപകമായി വലിയ ആയുധമാക്കിയിരുന്നു. വിസിയുടെ കാവിവൽക്കരണ നീക്കങ്ങൾക്കെതിരെ ഗവർണർക്കെതിരെയും വിസിമാർക്കെതിരെയും ക്യാമ്പസുകളിൽ ശക്തമായ പ്രതിഷേധങ്ങൾ മുൻപ് അരങ്ങേറിയിട്ടുണ്ട്. ആർഎസ്എസ് മേധാവി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ വിസി നേരിട്ടെത്തിയതോടെ എസ്എഫ്ഐ വീണ്ടും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സർവ്വകലാശാലകളെ രാഷ്ട്രീയവൽക്കരിക്കാനും സംഘപരിവാർ അജണ്ട നടപ്പിലാക്കാനുമുള്ള നീക്കമാണിതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. വരും ദിവസങ്ങളിൽ ക്യാമ്പസുകളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ഈ സംഭവം കടുത്ത വാദപ്രതിവാദങ്ങൾക്ക് കാരണമാകുമെന്നുറപ്പാണ്.



