11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ജാ​ഗ്രതാ നിർദ്ദേശമുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വയനാട് ജില്ലയിലെ വൈത്തിരിയിലാണ്. ഇവിടെ 123 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ദുരന്തസാധ്യതയുള്ള മേഖലകളിൽ പ്രത്യേക നിരീക്ഷണം തുടരുകയാണ്. വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഉത്തരേന്ത്യയിലും കനത്ത മഴ വ്യാപക നാശം വിതയ്ക്കുകയാണ്. മുംബൈയിൽ റെഡ് അലർട്ട് തുടരുന്നതിനാൽ വിദ്യാലയങ്ങൾ ഇന്നും അടച്ചിടാൻ തീരുമാനിച്ചു. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി ജാഗ്രത പാലിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഭ്യർഥിച്ചു.

ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത തുടരുന്നതിനാൽ അപകട മേഖലകളിൽ നിന്ന് ആളുകൾ മാറിനിൽക്കണമെന്ന് അധികൃതർ നിർദേശം നൽകി. വിനോദസഞ്ചാരികൾക്ക് അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും റെഡ് അലർട്ട് തുടരുന്നതിനാൽ ദുരന്തനിവാരണ സംവിധാനങ്ങൾ ജാഗ്രതയിൽ തുടരുകയാണ്.

Related Articles

Back to top button