പൊട്ടിക്കാത്ത 16 ചാക്കും പൊട്ടിച്ച 2 ചാക്കും, അമ്പലപ്പുഴ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തുള്ള ബിൽഡിങ്ങിൽ നിന്ന് കിട്ടിയത്….

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ അടച്ചിട്ട മുറിയിൽ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉല്പന്നമായ ഹാൻസ് പൊലീസ് പിടികൂടി. അമ്പലപ്പുഴ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർവശമുള്ള കൊച്ചീത്തറ ബിൽഡിങ്ങിൽ നിന്നാണ് 16 വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് കണ്ടെടുത്തത്. കടയുടമ രഞ്ജിത് ലാൽ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. ഇയാളുടെ വീടിനോട് ചേർന്നുള്ള കടമുറിയിലാണ് ചാക്കുകളിലായി ഹാൻസ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെടുത്തത്.
ഒരു ചാക്കിൽ 50 വലിയ പാക്കറ്റ് ഹാൻസാണുള്ളത്. ഇത്തരത്തിൽ പൊട്ടിക്കാത്ത 16 ചാക്കും പൊട്ടിച്ച നിലയിലുള്ള രണ്ട് ചാക്കുമാണ് ഉണ്ടായിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ആഡംബര കാറിലും ചാക്കുകളിൽ ഹാൻസ് സൂക്ഷിച്ചിരുന്നു. നേരത്തെയും നിരോധിത പുകയില ഉല്പന്നം വിറ്റ കേസിൽ പ്രതിയാണ് രഞ്ജിത് ലാൽ എന്ന് പൊലീസ് പറഞ്ഞു. ഹാൻസ് കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.



