ഇറാനിൽ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം

ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ അമേരിക്ക ശക്തമായ സൈനിക നടപടി ആരംഭിച്ചു. ആക്രമണം ആരംഭിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ച പുലർച്ചെയോടെ ഇറാനിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുമാണ് നടപടി സ്വീകരിച്ചതെന്ന് യു.എസ്. പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് പ്രധാന വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടന്നിരുന്നു. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ പുതിയ സൈനിക നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാന്റെ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം യു.എസ്. ട്രഷറി വകുപ്പ് അനുവദിച്ചിരുന്ന 60 ദിവസത്തെ ഉപരോധ ഇളവ് അമേരിക്ക പിൻവലിക്കുകയും ചെയ്തു.

ഇറാന്റെ സൈനിക താവളങ്ങളും ആയുധ ശേഖരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. അതേസമയം, അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക നടപടി പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷത്തെ കൂടുതൽ അസ്ഥിരമാക്കുമെന്നും മേഖലയിൽ സംഘർഷം രൂക്ഷമാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

Related Articles

Back to top button