സ്വപ്നം കാണാത്ത മുന്നേറ്റവുമായി പേരാമ്പ്ര.. ചരിത്രം കുറിച്ച് ഫാത്തിമ തഹ്ലിയ

കോഴിക്കോട്: നിയമസഭാ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ പേരാമ്പ്രയിൽ യുഡ‍ിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ 3682 വോട്ടുകൾക്ക് മുന്നിൽ. സിപിഎം നേതാവ് ടി പി രാമകൃഷ്ണനാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി.

കോഴിക്കോട് ജില്ലയിലെ ഉറച്ച സീറ്റെന്ന് ഇടതുപക്ഷം കണക്ക് കൂട്ടുന്ന മണ്ഡലം. 1980 മുതൽ ശക്തമായ ഇടതുകോട്ടയാണ് പേരാമ്പ്ര. ദേശീയ പ്രസ്ഥാനത്തിൻറെ സ്വാധീനവും വീറുറ്റ കർഷക സമരങ്ങളും കൊണ്ട് രണഭൂമിയാണ് ഈ നാട്. അരിക്കുളം, ചക്കിട്ടപാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി, മേപ്പയ്യൂർ, നൊച്ചാട്, പേരാമ്പ്ര, തുറയൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് പേരാമ്പ്ര നിയമസഭാ മണ്ഡലം. ലോക്‌സഭയിൽ പേരാമ്പ്ര വടകര മണ്ഡലത്തിൻറെ ഭാഗമാണ്. കോഴിക്കോട് ജില്ലയിൽ ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തുന്നൊരു മണ്ഡലം കൂടിയാണ് പേരാമ്പ്ര.

2001 മുതലുള്ള തെരഞ്ഞെടുപ്പുകൾ പരിശോധിച്ച് കഴിഞ്ഞാൽ, ഓരോ തെരഞ്ഞെടുപ്പിലും എൽഡിഎഫ് ലീഡ് ഉയർത്തുന്ന കാഴ്‌ചയാണ് കണ്ടത്.

2001ൽ ടിപി രാമകൃഷ്‌ണനായിരുന്നു പേരാമ്പ്രയിൽ നിന്ന് നിയമസഭയിലെത്തിയത്. 66,695 വോട്ടുകൾ നേടിയാണ് ടിപി വിജയിച്ചത്. കേരളാ കോൺഗ്രസ് (എം) പ്രതിനിധി പിടി ജോസ് ആയിരുന്നു എതിരാളി. 2006ൽ സിപിഎമ്മിൻറെ കെ കുഞ്ഞഹമ്മദ് മാസ്റ്റർ ടിപിയുടെ പിൻഗാമിയായി എത്തി, വിജയം ആവർത്തിച്ചു. 69,004 വോട്ടുകളാണ് കുഞ്ഞഹമ്മദ് മാസ്റ്റർ അക്കൊല്ലം നേടിയത്. കേരള കോൺഗ്രസി(എം) ൻറെ ജെയിംസ് തെക്കനാടന് പക്ഷേ മുഗാമിയോളം വോട്ട് നേടാനായില്ല, 58,364 വോട്ടുളാണ് ജെയിംസിൻറെ പെട്ടിയിലെത്തിയത്. അക്കൊല്ലം ബിജെപിയും വോട്ട് ഉയർത്തി. ഡോ. രാജൻ കെ അടിയോടി ആയിരുന്നു ബിജെപി സ്ഥാനാർഥി, നേടിയത് 5,234 വോട്ടുകൾ (3.86 ശതമാനം).

2011ൽ വീണ്ടും ഇടത് ടിക്കറ്റിൽ മത്സരിച്ചത് കെ കുഞ്ഞഹമ്മദ് മാസ്റ്റർ തന്നെയായിരുന്നു. 51.91 ശതമാനം വോട്ട് (70,248) നേടിയായിരുന്നു ഇത്തവണ വിജയം. കേരളാ കോൺഗ്രസ് (എം)ൻറെ അഡ്വ. മുഹമ്മദ് ഇക്‌ബാൽ 54,979 വോട്ടുകൾ നേടി. ബിജെപി ഇത്തവണ 7,214 വോട്ടുകൾ നേടി. പി ചന്ദ്രിക ടീച്ചർ ആയിരുന്നു ബിജെപി സ്ഥാനാർഥി. 2016ൽ ടിപി രാമകൃഷ്‌ണൻ പേരാമ്പ്രയിലേക്ക് തിരിച്ചെത്തി. 72,359 വോട്ടുകൾ നേടി വിജയിച്ചെങ്കിലും അക്കൊല്ലം എൽഡിഎഫിൻറെ വോട്ടിങ് ശതമാനം മുൻവർഷത്തെ അപേക്ഷിച്ച് കുറവായിരുന്നു. എന്നാൽ കോൺഗ്രസ് വോട്ടിങ് ശതമാനം ഉയർത്തി. മുഹമ്മദ് ഇക്‌ബാൽ തന്നെയായിരന്നു സ്ഥാനാർഥി. 68,258 വോട്ടുകൾ ഇക്‌ബാൽ നേടി.

2021ൽ സിപിഎം വമ്പിച്ച ലീഡ് നേടിയാണ് പേരാമ്പ്ര പിടിച്ചത്. ടിപി വീണ്ടും പേരാമ്പ്രയുടെ എംഎൽഎ ആയി. 86,023 വോട്ടുകൾ ആണ് അക്കൊല്ലം നേടിയത്. യുഡിഎഫ് സ്വതന്ത്രൻ സിഎച്ച് ഇബ്രാഹിംകുട്ടി 63,431 വോട്ടുകളും നേടി. ഇത്തവണ ടിപി രാമകൃഷ്‌ണൻ തന്നെയാണ് പേരാമ്പ്രയിലെ ഇടത് സ്ഥാനാർഥി. യുഡിഎഫിനായി മുസ്‌ലിം ലീഗ് യുവനേതാവ് ഫാത്തിമ തഹ്‌ലിയയും മത്സരത്തിനുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ തുടക്കം മുതൽ വിവാദങ്ങളുടെ വിളനിലമായിരുന്നു പേരാമ്പ്ര. സമുദായം പറഞ്ഞുള്ള യുഡിഎഫിൻറെ വോട്ട് തേടലും പിന്നാലെ വന്ന എൽഡിഎഫിൻറെ വിവാദ അനൗൺസ്‌മെൻറും പ്രചാരണ ചർച്ചകളെ വിവാദത്തിലേക്ക് വഴിതിരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര ഇടത് കോട്ടയാണെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നൽകിയ ആത്മവിശ്വാസത്തിൽ യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്. ലോക്‌സഭയിൽ വടകര മണ്ഡലത്തിൽ പെടുന്ന പേരാമ്പ്ര മണ്ഡല പരിധിയിൽ നിന്ന് ഷാഫി പറമ്പിൽ നേടിയത് 19,085 വോട്ടിൻറെ ലീഡ് ആണ്. തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ എൽഡിഎഫ് കൈവശം വച്ചിരുന്ന പല പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചടക്കി. പേരാമ്പ്ര മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ആറെണ്ണം ഭരിക്കുന്നത് യുഡിഎഫ് ആണ്.

കോഴിക്കോട് കോപ്പറേഷൻ കൗൺസിലറായി വിജയിച്ച ശേഷമാണ് തഹ്‌ലിയ പേരാമ്പ്രയിലേക്ക് എത്തുന്നത്. യുവതയുടെ മുഖമായി തഹ്‌ലിയയെ യുഡിഎഫ് ഉയർത്തിക്കാട്ടുമ്പോൾ ടിപി രാമകൃഷ്‌ണൻറെ പരിചയ സമ്പത്താണ് എൽഡിഎഫിൻറെ ആയുധം. ബിജെപിയുടെ കോഴിക്കോട് മേഖല സെക്രട്ടറി എം മോഹനനാണ് പേരാമ്പ്രയിൽ എൻഡിഎ സ്ഥാനാർഥി.

Related Articles

Back to top button