കഴക്കൂട്ടം പീഡനശ്രമം…. സിപിഎം നേതാവിന് പിന്നാലെ ഇടനിലക്കാരിയായ യുവതിയും പിടിയിൽ

തിരുവനന്തപുരം: ഒറ്റപ്പാലം സ്വദേശിനിയായ യുവതിയെ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ ആലപ്പുഴ മാന്നാർ സ്വദേശിനി അശ്വതി (22) ആണ് അറസ്റ്റിലായത്. വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് പരാതിക്കാരിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത് അശ്വതിയായിരുന്നു.
സ്പായിൽ ജോലി ചെയ്തിരുന്ന അശ്വതിയുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം സ്വദേശിനി തിരുവനന്തപുരത്ത് എത്തിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അശ്വതി യുവതിയെ കഴക്കൂട്ടത്തെ സ്പായിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് കേസിലെ മൂന്നാം പ്രതിയായ സിപിഎം കൽപന ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ജിപ്സൺ (35) യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പ്രതികളിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവതി ബന്ധുവീട്ടിലെത്തി ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ജിപ്സണെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഗൂഢാലോചനയിലും യുവതിയെ ചതിയിൽപ്പെടുത്തിയതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ അശ്വതിയെ അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റൊരു യുവതിക്കായി കഴക്കൂട്ടം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



