അർജുൻ ആയങ്കിക്കെതിരെ കാപ്പാ കേസ് ചുമത്തി

കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പാ കേസ് ചുമത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച പ്രത്യേക ശുപാർശ ജില്ലാ കളക്ടർ അംഗീകരിച്ചതിന് പിന്നാലെയാണ് നടപടി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒമ്പത് ക്രിമിനൽ കേസുകളിൽ അർജുൻ ആയങ്കി പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് ഉത്തരവ്. ഇയാളെ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരും നടപടിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആഭ്യന്തര മന്ത്രിയെയും പൊലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയ കേസുകൾക്ക് പുറമെ സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ തുടങ്ങിയ കേസുകളിലും അർജുൻ ആയങ്കി പ്രതിയാണ്. കോതമംഗലം, ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക അന്വേഷണസംഘം തലശ്ശേരി സബ് ജയിലിലെത്തി അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തിനൊടുവിൽ കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്നാണ് അർജുനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസിലും അർജുൻ ആയങ്കിയെ വീണ്ടും റിമാൻഡ് ചെയ്തത്. നിലവിൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലാണ് അർജുൻ ആയങ്കി.




