തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം: 2023ലെ ഭേദഗതിയെ പിന്തുണച്ചത് തെറ്റ്..

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതിനുള്ള നടപടിക്രമത്തിൽ 2023ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡി. നിയമനത്തിനുള്ള സമിതിയിൽ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെട്ട പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിൽ കേന്ദ്രസർക്കാരിന് കൂടുതൽ നിയന്ത്രണം നൽകുന്ന ഭേദഗതിയെ നേരത്തെ വൈഎസ്ആർ കോൺഗ്രസ് പിന്തുണച്ചിരുന്നുവെന്നും ഇപ്പോൾ അതിൽ ഖേദിക്കുന്നുവെന്നും ജഗൻ പറഞ്ഞു. പരീക്ഷ നടത്തുന്ന ആളെ നിയമിക്കാനുള്ള അധികാരം പരീക്ഷ എഴുതുന്ന വിദ്യാർഥിക്ക് നൽകുന്നതുപോലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനത്തിൽ പക്ഷപാതത്തിന് സാധ്യതയുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമനം സുതാര്യവും പക്ഷപാതരഹിതവുമല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി സത്യസന്ധനായിരുന്നാൽ പോലും വിമർശനങ്ങൾ നേരിടേണ്ടിവരുമെന്നും ജഗൻ അഭിപ്രായപ്പെട്ടു.
2023ലെ ഭേദഗതി പ്രകാരം പ്രധാനമന്ത്രി, അദ്ദേഹം നിർദേശിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിക്കാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതിനുള്ള ശുപാർശ നൽകാനുള്ള അധികാരം. നേരത്തേ ഈ സമിതിയിൽ ഉൾപ്പെട്ടിരുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുതിയ നിയമത്തിലൂടെ ഒഴിവാക്കിയിരുന്നു.
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിലും സുതാര്യത ഉറപ്പാക്കണമെന്ന് ജഗൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കോ ഭരണകക്ഷിക്കോ മാത്രം ഇത്തരം നിയമനങ്ങളിൽ നിർണായക സ്വാധീനം ഉണ്ടാകരുതെന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നവരായിരിക്കണം നിയമന നടപടികൾക്ക് നേതൃത്വം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



