കാലിക്കറ്റ് സർവകലാശാല പഠനബോർഡിൽ മരിച്ച അധ്യാപികയും…

പുനഃസംഘടിപ്പിച്ച കാലിക്കറ്റ് സർവകലാശാല പഠനബോർഡുകളിലൊന്നിൽ മരിച്ച അധ്യാപികയുടെ പേരും. എൻവയോൺമെന്റൽ സയൻസ് ആൻഡ് വാട്ടർ മാനേജ്മെന്റ് ബോർഡിലാണ് തൃശ്ശൂർ വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുടെ പേരുമുൾപ്പെട്ടത്. കൊടുങ്ങല്ലൂർ സ്വദേശിയായ ഇവർ രണ്ടുവർഷം മുൻപാണ് രോഗബാധിതയായി മരിച്ചത്. ഇതടക്കം പഠനബോർഡ് പുനഃസംഘടിപ്പിച്ചതിനു പിന്നാലെ ഒട്ടേറെ പരാതികളും ആക്ഷേപങ്ങളുമാണുയരുന്നത്.
ഓട്ടോണമസ് കോളേജുകൾക്ക് അനർഹമായ പ്രാതിനിധ്യം കിട്ടിയെന്നാണ് പ്രധാന ആക്ഷേപം. സ്വന്തമായി സിലബസും പരീക്ഷയുമുള്ള ഓട്ടോണമസ് കോളേജുകളിൽ സർട്ടിഫിക്കറ്റ് അനുവദിക്കുക മാത്രമാണ് സർവകലാശാലയുടെ ഉത്തരവാദിത്വം. എന്നിട്ടും പല പഠനബോർഡുകളിലും ചെയർമാൻമാരുൾപ്പെടെ ഓട്ടോണമസ് കോളേജിലെ അധ്യാപകർക്കാണ് ഭൂരിപക്ഷമുള്ളത്. അഫിലിയേറ്റഡ് കോളേജുകളിലെ ഭരണപക്ഷ അനുകൂല അധ്യാപകർക്കുവരെ ഇതിൽ അതൃപ്തിയുണ്ട്.



