സിജോയുടെ തിരോധാനവുമായി ബന്ധമില്ല… വാണിയപ്പാറ കല്ലറ പരിശോധന പൂർത്തിയായി…. പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടത്….

കണ്ണൂർ: ദിവസങ്ങളായി വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ച ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകൾക്ക് ഒടുവിൽ വിരാമം. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ വിശദമായ കല്ലറ പരിശോധന പൂർത്തിയായി. പള്ളിയുടെ 38-ാം നമ്പർ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ മൂന്നാമതൊരു മൃതദേഹം ഇല്ലെന്നും നിലവിൽ അവിടെ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്നും പരിശോധനയിൽ വ്യക്തമായി.

കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹ സാദൃശ്യത്തോടെ കണ്ടത് 2015-ൽ അന്തരിച്ച ജെയിംസ് എന്നയാളെ സംസ്കരിച്ച പെട്ടിയാണെന്ന് കണ്ടെത്തി. ഈ കല്ലറയിൽ മറിയാമ്മ, ജെയിംസ് എന്നിവരെ മാത്രമാണ് അടക്കം ചെയ്തിരുന്നത്. ജെയിംസിനെ ക്രിസ്ത്യൻ ആചാരപ്രകാരം പെട്ടിയിലാണ് അടക്കം ചെയ്തതെന്നും പായയിൽ പൊതിഞ്ഞ് സംസ്കരിച്ചിട്ടില്ലെന്നുമായിരുന്നു മുൻപ് അദ്ദേഹത്തിന്റെ സഹോദരങ്ങൾ വ്യക്തമാക്കിയിരുന്നത്. ഇതാണ് മുൻപ് ആശയക്കുഴപ്പത്തിനും ദുരൂഹതയ്ക്കും കാരണമായത്. എന്നാൽ പരിശോധനയിൽ ഇത് ജെയിംസിന്റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ചു.

ജൂൺ 13-ന് മറ്റൊരു മൃതദേഹം അടക്കം ചെയ്യാനായി കല്ലറ തുറന്നപ്പോഴാണ് മൃതദേഹ സാദൃശ്യമുള്ള വസ്തു കണ്ട് ദുരൂഹത ഉയർന്നത്. ആദ്യം മുതൽ ശാസ്ത്രീയ പരിശോധന വേണമെന്ന് ഇടവക വികാരി ആവശ്യപ്പെട്ടെങ്കിലും പോലീസ് ദുരൂഹത നിഷേധിച്ചിരുന്നു. എന്നാൽ, 2014-ൽ കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുകയും ചെയ്തതോടെയാണ് കല്ലറ തുറന്ന് പരിശോധിക്കാൻ പോലീസ് തീരുമാനിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സിജോയുടെ തിരോധാനവുമായി ഈ കല്ലറയ്ക്ക് ബന്ധമില്ലെന്ന് തെളിഞ്ഞതും നാടിനെ നടുക്കിയ വലിയൊരു ദുരൂഹതയ്ക്ക് പൂർണ്ണമായ മറുപടി ലഭിച്ചതും.

Related Articles

Back to top button