വൈദ്യുതി നിരക്ക് വീണ്ടും കൂട്ടില്ല? കെ.എസ്.ഇ.ബി റിപ്പോർട്ട് തള്ളി റെഗുലേറ്ററി കമ്മിഷൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തിന് തിരിച്ചടി. നിലവിലെ വൈദ്യുതി നിരക്ക് വർധന അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പരിഗണിക്കാൻ സാധ്യതയില്ല. ഇതോടെ ഇടക്കാല നിരക്ക് വർധന ഒഴിവായേക്കും.

2024ൽ കെ.എസ്.ഇ.ബി സമർപ്പിച്ച റിപ്പോർട്ടിലെ കണക്കുകൾ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് റെഗുലേറ്ററി കമ്മിഷൻ നേരത്തെ അനൗദ്യോഗികമായി ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ടിലെ പിഴവുകൾ തിരുത്തി പുതിയ റിപ്പോർട്ട് കെ.എസ്.ഇ.ബി സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പഴയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിവെടുപ്പ് നടത്തി നടപടികൾ അവസാനിപ്പിക്കാനാണ് കമ്മിഷന്റെ നീക്കം. ഓഗസ്റ്റ് 18ന് തിരുവനന്തപുരത്തെ റെഗുലേറ്ററി കമ്മിഷൻ ആസ്ഥാനത്ത് റിപ്പോർട്ടുമായി ബന്ധപ്പെട്ട തെളിവെടുപ്പ് നടക്കും.

2024-25 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് 16 പൈസയും 2025-26ൽ 12 പൈസയും വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ കമ്മിഷൻ അനുമതി നൽകിയിരുന്നു. എന്നാൽ 2026-27ൽ നിരക്ക് വർധന അനുവദിച്ചിരുന്നില്ല.

നിരക്ക് വർധനയുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തനം വിലയിരുത്തി കെ.എസ്.ഇ.ബി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിരക്ക് പുനഃപരിശോധിക്കേണ്ടത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബോർഡിന് കഴിഞ്ഞില്ല. പിന്നീട് നൽകിയ റിപ്പോർട്ടിലും കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.

മുൻവർഷങ്ങളിൽ അനുവദിച്ച നിരക്ക് വർധന നാമമാത്രമായിരുന്നതിനാൽ മുൻകാല നഷ്ടം പൂർണമായി നികത്താനായില്ലെന്നും കമ്മിഷൻ അനുവദിച്ചതിനേക്കാൾ വലിയ വരുമാനക്കുറവാണ് ഉണ്ടായതെന്നുമാണ് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നത്. അതേസമയം, ഇനി അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള നിരക്ക് വർധനയ്ക്കായി മാത്രമേ കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകാനാകൂ. ഇതിനുള്ള അപേക്ഷ നവംബറിൽ സമർപ്പിക്കേണ്ടതുണ്ട്.

Related Articles

Back to top button