മോഡലും വിദ്യാർഥിനിയുമായ യുവതി കൊല്ലപ്പെട്ട സംഭവം… ജിം പരിശീലകൻ…

മോഡലും വിദ്യാർഥിനിയുമായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പൊലീസ് പിടിയിൽ. ഡൽഹിയിലെ ജിംനേഷ്യം പരിശീലകനായ ഇമ്രാനെയാണ് രജൗരി ഗാർഡൻ മേഖലയിൽവെച്ച് ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് കീഴ്പ്പെടുത്തിയത്. പൊലീസിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് പ്രതിക്ക് നേരെ വെടിയുതിർത്തതെന്നാണ് പൊലീസ് പറയുന്നത്. ഇരുകാലുകളിലും വെടിയേറ്റ ഇമ്രാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിലക് നഗറിലെ വീട്ടിൽക്കയറി 21കാരിയായ മോഡലും വിദ്യാർഥിനിയുമായ മസ്കനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ബുധനാഴ്ചയായിരുന്നു സംഭവം. പ്രതിയും യുവതിയും തമ്മിൽ ഒന്നരവർഷമായി പരിചയമുണ്ടായിരുന്നു. മറ്റുചിലരുമായി യുവതി സംസാരിക്കുന്നതിനെ ഇമ്രാൻ എതിർത്തിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ രണ്ടുമാസമായി ഇരുവരും തമ്മിൽ തർക്കവും പതിവായിരുന്നു. ബുധനാഴ്ച വൈകിട്ട് യുവതിയുടെ വീട്ടിലെത്തിയ പ്രതി വീണ്ടും ഇതേകാര്യത്തെച്ചൊല്ലി വഴക്കിട്ടതിന് പിന്നാലെയാണ് കത്തി ഉപയോഗിച്ച് യുവതിയെ കുത്തിയത്. സംഭവത്തിന് ശേഷം ഇമ്രാൻ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് രണ്ടാംനിലയിൽ രക്തത്തിൽ കുളിച്ച നിലയിൽ മസ്കനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒളിവിൽ പോയ പ്രതിക്കായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് രജൗരി ഗാർഡൻ മേഖലയിൽ പൊലീസ് ഇമ്രാനെ കണ്ടെത്തിയത്. രക്ഷപ്പെടുന്നതിനിടെ പൊലീസിന് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



