വ്യാജ ബിരുദ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്ത് ജോലി… ഡി.വൈ.എഫ്.ഐ മുൻ യൂണിറ്റ് സെക്രട്ടറിക്കെതിരെ….

പാലക്കാട്: പുതുക്കോട് ഗ്രാമപ്പഞ്ചായത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ്-കം-ഐ.ടി. അസിസ്റ്റന്റായി ജോലി ചെയ്ത ഡി.വൈ.എഫ്.ഐ മുൻ യൂണിറ്റ് സെക്രട്ടറിക്കെതിരെ കേസ്. പുതുക്കോട് കിഴക്കേഗ്രാമം സ്വദേശി കെ.വി. ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. 2021 ജൂലൈ മുതൽ 2026 ജൂലൈ വരെയാണ് ഗണപതി പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തത്. കാലിക്കറ്റ് സർവകലാശാലയിൽനിന്നുള്ള ബി.കോം ബിരുദത്തിന്റെ മാർക്ക് ലിസ്റ്റാണ് ഇയാൾ യോഗ്യതയായി സമർപ്പിച്ചത്.
ഇക്കുറി യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ ഗണപതിയുടെ കരാർ പുതുക്കിയില്ല. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയും 2026 സെപ്റ്റംബർ വരെ ജോലി നൽകണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. ഇതിനിടെ മാർക്ക് ലിസ്റ്റിൽ സംശയം തോന്നിയ പഞ്ചായത്ത് അധികൃതർ രേഖ സർവകലാശാലയിലേക്ക് പരിശോധനയ്ക്കായി അയച്ചു. മാർക്ക് ലിസ്റ്റ് വ്യാജമാണെന്നും ഗണപതി ബിരുദം പാസായിട്ടില്ലെന്നും സർവകലാശാല അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് പുതുക്കോട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി. ദീപ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന് പിന്നാലെ ഗണപതി രാജിവെച്ചെങ്കിലും നിലവിൽ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡി.വൈ.എഫ്.ഐ പുതുക്കോട് അഞ്ചുമുറി യൂണിറ്റ് സെക്രട്ടറിയായിരുന്നു ഗണപതി. പരാതി ഉയർന്നതോടെ ഗണപതിയെ സ്ഥാനത്തുനിന്നും പാർട്ടിയിൽനിന്നും പുറത്താക്കിയതായി സി.പി.എം നേതൃത്വം അറിയിച്ചു.
അതേസമയം, ഗണപതിയെ നിയമിച്ച ഇന്റർവ്യൂ ബോർഡിനെതിരെയും അന്വേഷണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ഉദയൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പഞ്ചായത്തിൽ നടന്ന മുഴുവൻ താത്കാലിക നിയമനങ്ങളും പരിശോധിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധവും നടത്തി. നിയമനത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.



