‘ഞങ്ങൾക്കിടയിൽ എന്താണ് പ്രശ്നം?’; മമിതയുമായുള്ള പിണക്ക വാർത്തകളിൽ പ്രതികരണവുമായി നസ്ലെൻ

യുവതാരങ്ങളായ നസ്ലെനും മമിത ബൈജുവും തമ്മിൽ പിണക്കത്തിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി നടൻ നസ്ലെൻ. തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും തങ്ങൾക്കിടയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും താരം വ്യക്തമാക്കി.
ഗൂഗിളിൽ ആരാധകർ തന്നെയക്കുറിച്ച് ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് ‘മമിതയും നസ്ലെനും ഇപ്പോഴും സുഹൃത്തുക്കളാണോ?’ എന്ന ചോദ്യം ഉയർന്നുവന്നത്.
“തീർച്ചയായും ഞങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണ്. ഏതവനാണ് അങ്ങനെയൊക്കെ സെർച്ച് ചെയ്യുന്നത്? ഞങ്ങൾ തമ്മിൽ അടികൂടി പിരിഞ്ഞു എന്നാണോ? മമിതയുടെ പുതിയ സിനിമയുടെ ട്രെയ്ലർ കണ്ടപ്പോൾ ഞാൻ മെസ്സേജ് അയച്ചിരുന്നു. ഞങ്ങൾ സ്ഥിരമായി കാണുകയോ വിളിക്കുകയോ ചെയ്യുന്ന കൂട്ടരല്ല, എങ്കിലും സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളെല്ലാം പരസ്പരം പങ്കുവെക്കാറുണ്ട്. മമിത ഇപ്പോൾ കൊച്ചിയിൽ പുതിയ സിനിമയുടെ ഷൂട്ടിലാണ്. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ തന്നെയാണ്.”
— നസ്ലെൻ
‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിലെ സോന, സംഗീത് എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയരായ ഇരുവരും പിന്നീട് ‘പ്രേമലു’ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ റീനുവും സച്ചിനും പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലല്ലെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്.
‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളിലേക്ക്
അഭിമുഖത്തിനിടെ തന്റെ പുതിയ ചിത്രമായ ‘മോളിവുഡ് ടൈംസ്’ വിശേഷങ്ങളും താരം പങ്കുവെച്ചു. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു സിനിമാ സംവിധായകൻ ആകാൻ ആഗ്രഹിച്ചു നടക്കുന്ന ‘വിനീത് മാധവൻ’ എന്ന കഥാപാത്രത്തെയാണ് നസ്ലെൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ജൂൺ 5-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.



