ദീപ്കെയും നേഹയും കസ്റ്റഡിയിലായിട്ടും ‘തിരംഗ യാത്ര’യിൽ ആളിക്കത്തി പ്രതിഷേധം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാൽ രാജ്യതലസ്ഥാനം ഇന്നും സമര-സംഘർഷ ഭൂമിയായി. കോക്ക്റോച്ച് ജനത പാർട്ടി (സി ജെ പി) പ്രഖ്യാപിച്ച ‘തിരംഗ യാത്ര’യും ഇതിനൊപ്പം തന്നെ എസ് എഫ് ഐ, ഡി വൈ എഫ് ഐ, ഐസ, എ ഐ എസ് എഫ്, എ ഐ വൈ എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും പൗരാവകാശ പ്രവർത്തകരും ഒഴികിയെത്തിയതോടെ ഡൽഹി സംഘർഷഭരിതമായി. കൊണാട്ട് പ്ലേസിലേക്ക് ത്രിവർണ പതാകയുമേന്തി മാർച്ച് നടത്താൻ പുറപ്പെട്ട സി ജെ പി സ്ഥാപക നേതാവ് അഭിജീത് ദീപ്കെയെ ഝണ്ഡേവാലാനിലെ വീടിന് പുറത്തിറങ്ങിയ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് കാട്ടി ഡൽഹി പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും അത് മറികടന്ന് ഇറങ്ങിയപ്പോഴാണ് കസ്റ്റഡി നടപടി. സമാനമായി മണ്ഡി ഹൗസിന് സമീപത്ത് വെച്ച് ഐസ നേതാവ് നേഹാ ബോറയെയും കൂടെയുണ്ടായിരുന്ന പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.



