തൃക്കാക്കര മോർഫിങ് കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്…

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിലെ പ്രതികൾ ഉപയോഗിച്ച ടെലഗ്രാം പ്രീമിയം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. കേസിലെ രണ്ടാം പ്രതിയായ സനീഷ് ആരംഭിച്ച പ്രീമിയം ഗ്രൂപ്പിലെ അഡ്മിൻമാരെയും അംഗങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് ടെലഗ്രാം അധികൃതരിൽ നിന്ന് പോലീസിന് ലഭിച്ചത്. ഗ്രൂപ്പിൽ ഒരു ഝാർഖണ്ഡ് നമ്പർ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയതോടെയാണ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നത്. നിലവിൽ നാലോളം ടെലഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് പോലീസ് ടെലഗ്രാം അധികൃതർക്ക് വീണ്ടും കത്ത് നൽകിയിട്ടുണ്ട്. കണ്ടെത്തിയ ഝാർഖണ്ഡ് നമ്പറുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് സാധ്യതകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. കേരളത്തിൽ നിന്ന് ആരെങ്കിലും അവിടെ പോയി സിം കാർഡ് എടുത്തതാണോ, സംസ്ഥാനത്തിന് പുറത്തുള്ള മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോ, അതോ മറ്റൊരാളുടെ സിം കാർഡ് വ്യാജമായി ദുരുപയോഗം ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. കേസിൽ ആദ്യം ശ്രീഹരിയെയും പിന്നീട് സനീഷിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീഹരി ഉൾപ്പെടെയുള്ളവർ പങ്കുവെച്ച ചിത്രങ്ങൾക്ക് പുറമെ കൂടുതൽ അശ്ലീല ചിത്രങ്ങൾ നൽകാമെന്ന് പറഞ്ഞാണ് സനീഷ് പ്രചാരണം നടത്തിയിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

തുടർന്ന് ആളുകളിൽ നിന്ന് പണം ഈടാക്കി പ്രീമിയം ടെലഗ്രാം ഗ്രൂപ്പിൽ അംഗങ്ങളാക്കുകയും ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെക്കുകയും ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പുതിയതായി ലഭിച്ച വിവരങ്ങളുടെയും ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകളും തുടർന്നുള്ള അറസ്റ്റുകളും ഉണ്ടാകുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു. ടെലഗ്രാം ഗ്രൂപ്പുകളിലെ മറ്റ് അഡ്മിന്മാരുടെയും അംഗങ്ങളുടെയും പങ്കും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

Related Articles

Back to top button