‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളത്’… ഇലോൺ മസ്ക്

ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ള ആപ്പാണെന്ന വാദം ആവർത്തിച്ച് ടെക് ശതകോടീശ്വരൻ ഇലോൺ മസ്ക്. വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ ഗീഗർ കാപിറ്റൽ ഒക്ടോബർ ഒന്നിന് പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് മസ്ക് തന്റെ അഭിപ്രായം വീണ്ടും രേഖപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം ഔദ്യോഗികമായി നീക്കം ചെയ്തെന്നും അത് സ്വാഭാവികമായും സ്ത്രീകൾക്ക് വേണ്ടിയുള്ള ആപ്പാണെന്നും യാതൊരു പ്രയോജനവുമില്ലെന്നുമായിരുന്നു ഗീഗർ കാപിറ്റലിന്റെ പോസ്റ്റ്. ഇതിന് മറുപടിയായാണ് മസ്ക് ‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളത്’ എന്ന് കമന്റ് ചെയ്തത്.
2026 മേയിലും സമാനമായ അഭിപ്രായം മസ്ക് പങ്കുവെച്ചിരുന്നു. മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റിൽ, മുതിർന്ന പുരുഷന്മാർ തനിക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ അയക്കുമ്പോൾ അവർ ലിംഗമാറ്റം ചെയ്യുകയാണോ എന്ന് ചിന്തിക്കാറുണ്ടെന്നും മസ്ക് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ ഉടമയായ മസ്ക് മെറ്റയുടെ പ്ലാറ്റ്ഫോമുകൾക്കെതിരെ പലപ്പോഴും വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിലെ ഉള്ളടക്കങ്ങൾ ഗൗരവതരമല്ലെന്ന നിലപാടാണ് മസ്കിനും ഗീഗർ കാപിറ്റലിനും ഉള്ളത്. ഓൺലൈനിൽ ഗൗരവതരമായ ചർച്ചകൾക്ക് അനുയോജ്യമായ ഏക പ്ലാറ്റ്ഫോം എക്സാണെന്ന അഭിപ്രായവും മസ്ക് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഇൻസ്റ്റഗ്രാമിന്റെ ഉപയോക്താക്കളിൽ സ്ത്രീകളേക്കാൾ പുരുഷന്മാരാണ് കൂടുതലെന്നതാണ് 2025 ഒക്ടോബറിലെ ആഗോള കണക്കുകൾ സൂചിപ്പിക്കുന്നത്. 50.6 ശതമാനം പുരുഷന്മാരും 49.4 ശതമാനം സ്ത്രീകളുമാണ് ആഗോള ഉപയോക്തൃവിഹിതം. എന്നാൽ അമേരിക്കയിലെ കണക്കുകളിൽ 55.2 ശതമാനം സ്ത്രീകളും 44.8 ശതമാനം പുരുഷന്മാരുമാണ് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ.
