ലഹരിക്കടത്തിന് ഇൻഫ്ലുവൻസർ മറ… ബോണറ്റിൽ ഒളിപ്പിച്ചത് 3.5 കോടിയുടെ വിഷം… പന്തീരാങ്കാവിൽ ഷഫീഖ് കുടുങ്ങിയത് ഇങ്ങനെ

കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതികൾ പ്രയോഗിച്ചത് അതീവ തന്ത്രപരമായ നീക്കങ്ങളെന്ന് എക്സൈസ്. പിടിയിലായ പ്രതി ഷഫീഖ് രാജസ്ഥാനിലേക്ക് പണം കൊണ്ടുപോയതും കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ചാണെന്ന് കണ്ടെത്തി. എക്സൈസിനെ വെട്ടിക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ കൂട്ടുപിടിച്ചാണ് സംഘം ലഹരി കടത്തിയത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അടിവാരം സ്വദേശിനി ഫാത്തിമ നസ്രിനെ മുൻനിർത്തിയാണ് ഷഫീഖ് ലഹരി കടത്തിയത്. മംഗലാപുരത്തേക്ക് നസ്രിനെ വിളിച്ചുവരുത്തി കാറിൽ കയറ്റുകയായിരുന്നു. ഒരു സ്ത്രീയുണ്ടെങ്കിൽ പോലീസ് വാഹനം കാര്യമായി പരിശോധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് ഷഫീഖ് ഇങ്ങനെ ചെയ്തത്. അന്വേഷണം തന്നിലേക്ക് എത്താതിരിക്കാൻ ഒരു തമിഴ്‌നാട് സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഷഫീഖ് പണമിടപാടുകൾ നടത്തിയിരുന്നത്. വാടകയ്‌ക്കെടുത്ത കാറിന്റെ ബോണറ്റിനുള്ളിലായിരുന്നു അതിവിദഗ്ധമായി ലഹരിമരുന്ന് ഒളിപ്പിച്ചത്.
കോഴിക്കോട് ബൈപ്പാസിലെ ടോൾ പ്ലാസയിൽ വെച്ചാണ് എക്സൈസ് സംഘം ഇവരെ തടഞ്ഞത്. 3.31 കിലോ എംഡിഎംഎ, 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകൾ. വിപണിയിൽ ഇതിന് ഏകദേശം 3.5 കോടി രൂപ വില വരും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില്ലറ വിതരണക്കാർക്ക് വേണ്ടിയാണ് രാജസ്ഥാനിൽ നിന്ന് ഈ ലഹരി എത്തിച്ചത്. കാളികാവ് എക്സൈസ് രജിസ്റ്റർ ചെയ്ത മറ്റൊരു ലഹരി കേസിലെ പിടികിട്ടാപ്പുള്ളി കൂടിയാണ് ഷഫീഖ്. എക്സൈസ് രഹസ്യാന്വേഷണ വിഭാഗവും കോഴിക്കോട് സ്ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഈ വൻ വേട്ട നടന്നത്.



