ഹരിപ്പാട് രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ വിചിത്രവാദവുമായി പിതാവ്

ആലപ്പുഴ : കുടുംബത്തിൽ ഒരു മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ നേരത്തെ പ്രവചിച്ചിരുന്നുവെന്ന വിചിത്രവാദവുമായി ആലപ്പുഴ ഹരിപ്പാട്ട് ദുരൂഹസാഹചര്യത്തിൽ മരിച്ച രണ്ടു വയസുകാരന്റെ പിതാവ് രാജേഷ്. മുമ്പ് കാവിനടുത്ത് താമസിച്ചതുമായി ബന്ധപ്പെട്ട ദോഷമാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് ഇയാളുടെ അവകാശവാദം. എന്നാൽ കുഞ്ഞ് മരിച്ചത് കടുത്ത പോഷകാഹാരക്കുറവ് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുഞ്ഞിന്റെ മരണം പുറത്തറിയിക്കാതെ രഹസ്യമായി സംസ്‌കരിക്കാനും നീക്കം നടന്നിരുന്നു. കുട്ടിയുടെ മൃതദേഹവുമായി പിതാവ് രാജേഷ് ആദ്യം ഹരിപ്പാട് ഡാണാപ്പടിയിലുള്ള ബന്ധുവീട്ടിലാണ് എത്തിയത്. ഇവിടെവെച്ച് ആരുമറിയാതെ മൃതദേഹം അടക്കാനായിരുന്നു ശ്രമം. എന്നാൽ നാട്ടുകാർ ഇടപെട്ടതോടെയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. മാതാപിതാക്കൾ കുട്ടികളെ വേണ്ടവിധം നോക്കിയിരുന്നില്ലെന്ന് രാജേഷിന്റെ അമ്മ കമലമ്മാൾ ആരോപിച്ചു. കുട്ടികൾക്ക് ആവശ്യത്തിന് ആഹാരമോ പരിചരണമോ നൽകിയിരുന്നില്ലെന്നും വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നതെന്നും അയൽവാസികൾ പറഞ്ഞു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെടുകയും കുടുംബത്തിലെ മറ്റ് നാല് പെൺകുട്ടികളുടെ ആരോഗ്യാവസ്ഥ ഉടൻ പരിശോധിക്കാൻ നിർദേശം നൽകുകയും ചെയ്തു. അതേസമയം ആറ് വർഷം മുമ്പ് ഇവരുടെ മൂന്നര മാസം പ്രായമുള്ള മറ്റൊരു കുഞ്ഞ് സമാനമായ രീതിയിൽ മരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മരണത്തിന് ഔദ്യോഗിക രേഖകളൊന്നുമില്ലെന്നും, അന്നും വിവരം മറച്ചുവെച്ച് ബന്ധുവീട്ടിൽ മൃതദേഹം സംസ്‌കരിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

Related Articles

Back to top button