“സതീശനെ മാറ്റി കെ.സിയെ കൊണ്ടുവന്നാൽ കത്തിച്ചാമ്പലാകും”…. കോട്ടയത്ത് പെട്രോൾ ഒഴിച്ച് പ്രവർത്തകന്റെ ആത്മഹത്യാ ഭീഷണി

കോട്ടയം: മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനം നീളുന്നതിനിടെ, വി.ഡി. സതീശൻ അനുകൂലിയായ കുറുപ്പന്തറ സ്വദേശി ഫ്രാൻസിസ് ആണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചത്. കുറുപ്പന്തറ കവലയിൽ ലൈറ്ററുമായി നിന്ന് ജീവൻ പണയം വെച്ചായിരുന്നു ഇയാളുടെ ‘ഒറ്റയാൾ പോരാട്ടം’.

102 സീറ്റുകൾ നൽകി ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് വൈകുന്നതിനെ ഫ്രാൻസിസ് വിമർശിച്ചു. രാജസ്ഥാനിലും മഹാരാഷ്ട്രയിലും കോൺഗ്രസിനുണ്ടായ തകർച്ചയ്ക്ക് കാരണം കെ.സി. വേണുഗോപാൽ ആണെന്നും, അദ്ദേഹം കേരളത്തിൽ മുഖ്യമന്ത്രിയായാൽ ഭരണം ബിജെപിയുടെ കയ്യിലെത്തുമെന്നും ഫ്രാൻസിസ് ആരോപിച്ചു. ഞായറാഴ്ച പ്രഖ്യാപനം വരുമ്പോൾ വി.ഡി. സതീശന്റെ പേരല്ലെങ്കിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി ആത്മഹത്യ ചെയ്യുമെന്നും ഇയാൾ ഭീഷണി മുഴക്കി.

സംഭവമറിഞ്ഞെത്തിയ പോലീസ് സംഘം ഏറെനേരം പണിപ്പെട്ടാണ് ഫ്രാൻസിസിനെ അനുനയിപ്പിച്ചത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനായി പോസ്റ്ററുകളും ഫ്ലക്സുകളും ഉയരുന്നതിനിടെ നടന്ന ഈ സംഭവം പോലീസിനെയും കോൺഗ്രസ് നേതൃത്വത്തെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഹൈക്കമാൻഡ് എത്രത്തോളം കടുത്ത സമ്മർദ്ദമാണ് നേരിടുന്നത് എന്നതിന്റെ സൂചനയാണ് കോട്ടയത്തെ ഈ നാടകീയ രംഗങ്ങൾ.

Related Articles

Back to top button