ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമം….. ഭർത്താവിന് 31 വർഷം കഠിനതടവും പിഴയും

കൊല്ലം: മയ്യനാട് സ്വദേശി ജയനെയാണ് (40) കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 18 മാസം കൂടി അധികമായി തടവ് അനുഭവിക്കേണ്ടി വരും.
2020 ഡിസംബറിലായിരുന്നു നാടിനെ നടുക്കിയ ആക്രമണം നടന്നത്. ജോലിക്കു പോകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ലോട്ടറിക്കടയിൽ ജോലി ചെയ്തിരുന്ന ഭാര്യയെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്. രാത്രി വീട്ടുമുറ്റത്ത് നിന്ന ഭാര്യയുടെയും മകളുടെയും തലയിലൂടെ ഇയാൾ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീർഘകാലം ചികിത്സയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ജയനെ അഞ്ചുവർഷത്തിന് ശേഷം 2025 ഓഗസ്റ്റിലാണ് പോലീസ് പിടികൂടിയത്.
ആക്രമണത്തിന് സാക്ഷിയായ അയൽവാസിയെ വിവരങ്ങൾ പുറത്തുപറയാതിരിക്കാൻ ജയൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ സാക്ഷിയുടെ സ്കൂട്ടർ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഇയാൾക്കെതിരെ മറ്റൊരു കേസിൽ വിചാരണ നടക്കുന്നുണ്ട്. ഇരവിപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഉൾപ്പെടെയുള്ളവർ ഹാജരായി.



