‘ഭരണം കിട്ടിയാൽ അൾഷിമേഴ്സ് ബാധിച്ച പോലെയാകും’…. മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് കെ.ടി ജലീൽ

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എന്‍ ശേഷാദ്രിനാഥിന്റെ നിയമനത്തിലും പിഎംശ്രീ പദ്ധതിയിലുമുള്ള മുസ്ലിം ലീഗിന്റെ നിലപാടുകളെ രൂക്ഷമായി കടന്നാക്രമിച്ച് കെ.ടി ജലീല്‍ രംഗത്ത്. കേന്ദ്ര അന്വേഷണ ഏജൻസിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ പേടിച്ചാണ് മുസ്ലിം ലീഗ് ഇത്തരം കേന്ദ്ര തീരുമാനങ്ങൾക്കും നിയമനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നതെന്ന് കെ.ടി ജലീല്‍ ആരോപിച്ചു.
പിഎംശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ലീഗ് നേതാക്കളെ പിടിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാമെന്നും ജലീൽ പറഞ്ഞു. പിഎംശ്രീ പദ്ധതിയിൽ മുസ്ലിം ലീഗിനെക്കൊണ്ടുതന്നെ ഒപ്പുവെപ്പക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന് പറഞ്ഞത് അതുകൊണ്ടാണ്. കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ തങ്ങളില്ലെന്ന് ലീഗ് നേതാവ് കെ.എം ഷാജി ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാരാണ് ഈ പ്രസ്താവന നടത്തിയിരുന്നതെങ്കില്‍ ഇവിടെ എന്താകുമായിരുന്നു പുകിലെന്നും കെ.ടി ജലീല്‍ ചോദിച്ചു. മുസ്ലിം ലീഗിന്റെ പല പ്രമുഖ നേതാക്കള്‍ക്കും ഇ ഡി നോട്ടീസ് വന്നിട്ടുണ്ടെന്ന് കെ.ടി ജലീൽ വെളിപ്പെടുത്തി. പിഎംശ്രീ വിഷയത്തില്‍ മുസ്ലിം ലീഗിനെ വിമര്‍ശിച്ച് നേരത്തെയും കെ.ടി ജലീല്‍ രംഗത്തെത്തിയിരുന്നു. ലീഗിന്റെ പിഎംശ്രീ മുഹബ്ബത്ത് ഇവിടെ നടക്കില്ലെന്നായിരുന്നു ജലീലിന്റെ മുൻപത്തെ വിമര്‍ശനം. രണ്ട് ‘പച്ചക്കുപ്പായം’ മാറി മാറി അണിഞ്ഞ് നല്ലപിള്ള ചമയുന്ന പരിപാടി ഇനിയെങ്കിലും ലീഗ് അവസാനിപ്പിക്കണം. പടച്ചവനെ പേടിച്ചില്ലെങ്കിലും പടപ്പുകളെയെങ്കിലും പേടിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
പിഎം ശ്രീ പദ്ധതി എല്‍ഡിഎഫിന് നിഷിദ്ധമെങ്കില്‍ അത് യുഡിഎഫിനും നിഷിദ്ധം തന്നെയാണ്. അത് ‘ഹലാലാ’ക്കാന്‍ ലീഗിന്റെ ‘ഇച്ചാച്ചന്’ വിചാരിച്ചാലും നടക്കാന്‍ പോകുന്നില്ല. ഭരണം കിട്ടുന്നത് വരെ സമുദായവും സമുദായത്തിന്റെ നഷ്ടപ്പെട്ട അവകാശങ്ങളും ദീനും മതവുമൊക്കെ ഇവർ പൊക്കിപ്പിടിക്കും. എന്നാൽ ഭരണം കിട്ടിക്കഴിഞ്ഞാല്‍ എല്ലാം മറക്കുന്നവരാണ് ലീഗ്. അള്‍ഷിമേഴ്സ് ബാധിച്ച പോലെ പിന്നെ അവര്‍ക്കൊന്നും ഓര്‍മ്മയുണ്ടാവില്ലെന്നും കെ.ടി ജലീല്‍ മലപ്പുറത്ത് മാധ്യമങ്ങളോട് ആരോപിച്ചു.



