ബെംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് ‘കൊറിയർ’… ലക്ഷ്യം എറണാകുളത്തെ….

പാലക്കാട്: ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള ശക്തിയേറിയ വേദനസംഹാരി ഗുളികകളുമായി സിക്കിം സ്വദേശി പാലക്കാട് പിടിയിലായി. സിക്കിമിലെ ഗ്യാൽഷിങ് ലിങ്ഷോം സ്വദേശിയായ സാഷി ഹാങ് സുബ്ബ (22) ആണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് വിവിധ സേനകളുടെ സംയുക്ത പരിശോധനയ്ക്കിടെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 63.607 ഗ്രാം തൂക്കം വരുന്ന 116 ഗുളികകൾ കണ്ടെടുത്തു.

കഴിഞ്ഞ മാസം 30-ന് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും എക്സൈസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയാണ് പ്രതി വലയിലാകുന്നത്. യുവാവിന്റെ പക്കൽ മരുന്ന് കൈവശം വെക്കാനുള്ള യാതൊരുവിധ രേഖകളോ ഡോക്ടറുടെ കുറിപ്പടികളോ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് വൻ മരുന്ന് വേട്ടയിലേക്ക് നയിച്ചത്. ബെംഗളൂരുവിലെ ഒരു വ്യക്തിയാണ് ഈ ഗുളികകൾ തന്റെ പക്കൽ ഏൽപ്പിച്ചതെന്നാണ് പ്രതി ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. ഇവ ആലുവയിൽ എത്തിച്ചു നൽകിയാൽ വലിയ തുക പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ആലുവയിൽ മരുന്ന് കൈപ്പറ്റേണ്ട വ്യക്തിയുടെ ഫോൺ നമ്പർ മാത്രമേ തനിക്ക് അറിയാവൂ എന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ടാറ്റൂ ചെയ്യുമ്പോൾ ഉണ്ടാകുന്ന അമിതമായ വേദന ഒഴിവാക്കാൻ ഇത്തരം ശക്തിയേറിയ മരുന്നുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പിടിയിലായ സാഷി ഹാങ് സുബ്ബയുടെ ശരീരത്തിൽ പലഭാഗങ്ങളിലായി ടാറ്റൂ ചെയ്തിട്ടുണ്ട്. ഈ ഗുളികകൾ എറണാകുളത്തുള്ള ഏതെങ്കിലും സ്പായിലേക്ക് എത്തിക്കാൻ കൊണ്ടുവന്നതാകാമെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആർ.പി.എഫ്. എസ്.ഐ. ബിനോയ് കുര്യൻ, എ.എസ്.ഐ. സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും, എക്സൈസ് ഇൻസ്പെക്ടർ അജു പി. ഷാജിയുടെ നേതൃത്വത്തിലുള്ള പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടി തുടർനടപടികൾ സ്വീകരിച്ചത്.

Related Articles

Back to top button