ഏറ് കിട്ടുന്ന കല്ലുകൾകൊണ്ട് കൊട്ടാരം പണിയും’… വിവാദങ്ങൾക്കിടെ കെ ആർ മീര….

തിരുവനന്തപുരം: കലാച്ചിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി എഴുത്തുകാരി കെ ആര് മീര. എയറില്‍ നില്ക്കുന്ന സമയമാണിതെന്നും എക്കാലത്തും എയറില്‍ നിന്നാണ് എഴുതുന്നതെന്നും കെ ആര് മീര പറഞ്ഞു. ഏറ് കിട്ടുന്ന കല്ലുകള്‍ കൊണ്ട് കൊട്ടാരം പണിയും. എത്ര പ്രശ്നങ്ങൾ ഉണ്ടായാലും എഴുത്ത് തുടരും. അഭിപ്രായം പറയുന്നത് ഒഴിവാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മിടുക്കി ആണെന്ന് തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായല്ല അതെന്നും കെ ആര് മീര പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പ്രൊഫസര്‍ കെ സുധാകരന് സാംസ്കാരിക പുരസ്കാര സമര്‍പ്പണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ ആര് മീര.കലാച്ചി എന്ന നോവലാണ് ഏറ്റവും അവസാനം എഴുതിയത്. കലാച്ചി തന്റെ എഴുത്തിലെ കടുത്ത പരീക്ഷണമാണ്. ഒരുപാട് യാത്ര ചെയ്ത് വളരെ ചിന്തിച്ച് പണിയെടുത്ത് വായനക്കാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചതാണ് കലാച്ചിയെന്നും തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണതെന്നും കെ ആര് മീര പറഞ്ഞു. ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച സ്ത്രീകളെ എങ്ങനെയാണ് നിശബ്ദമാക്കുന്നത് എന്ന് നമ്മള് കണ്ടു.
അനുകരണ വിവാദങ്ങളില്‍ പുരുഷന്മാരുടെ പേര് കേട്ടിട്ടില്ല. ഇതുവരെ എവിടെയും ‘എംടിയടി’, ‘പുനത്തിലടി’ എന്നൊന്നും കേട്ടിട്ടില്ല. പക്ഷെ ‘ദീപയടി’ എന്ന പ്രയോഗം നമ്മള് കേട്ടു. ഒരു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് കവിത പ്രസിദ്ധീകരിപ്പിച്ചു. ചതിക്കപ്പെട്ടയാള്‍ ശിക്ഷിക്കപ്പെടുകയാണ്. ചതിച്ചയാളോട് ചോദ്യമില്ല. ജീവിതകാലം മുഴുവന്‍ ബാഡ്ജ് കുത്തി കൊടുത്തു.’ദീപയടി’യെ’മീരയടി’ എന്ന് മാറ്റിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കെ ആര് മീര പറഞ്ഞു.



