‘പിണറായി പ്രതിപ്പട്ടികയിൽ വരുമെന്ന് നേരത്തേ പറഞ്ഞതാണ്’; മാത്യു കുഴൽനാടൻ

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി ഇടപാടിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ എംഎൽഎ. ഉത്തരവിൽ വലിയ സന്തോഷമുണ്ടെന്നും ചരിത്രത്തിന്റെ കാവ്യനീതിയായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. മാസപ്പടി ഇടപാടിൽ നിയമപോരാട്ടം നടത്തിയപ്പോൾ മൂന്ന് കോടതികളിൽ നിന്നും അനുകൂല വിധി നേടാനായില്ലെന്നും സുപ്രീംകോടതിയിൽ നിന്ന് ഹർജി തള്ളപ്പെട്ടപ്പോൾ ഏറെ പരിഹാസങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടിവന്നെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

എന്നാൽ, പോരാട്ടം അവിടെ അവസാനിക്കുന്നില്ലെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. സത്യം ജയിക്കുന്ന ഒരു സമയമുണ്ടാകുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിൽ തന്റെ ഹർജി തള്ളിയ അതേ ഹൈക്കോടതി ഇപ്പോൾ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടത് കാവ്യനീതിയായി കാണുന്നുവെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരുമെന്ന് ഏറെക്കാലം മുമ്പുതന്നെ പറഞ്ഞിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ‘ട്രൂത്ത് ഈസ് പവർഫുൾ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണം നടത്തിയശേഷം എഫ്ഐആർ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനും കോടതി ഉത്തരവ് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. അതേസമയം, ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ചതായി റിപ്പോർട്ട് ചെയ്തു. പണം വീണ ടി. കൈപ്പറ്റിയെന്നതുൾപ്പെടെയുള്ള പരാമർശങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

Related Articles

Back to top button