‘പരാജയം അംഗീകരിക്കുന്നു, ഇതോടെ എല്ലാം അവസാനിച്ചെന്ന് കരുതേണ്ട, കൂടുതൽ കരുത്തോടെ തിരിച്ചു വരും…… പിണറായി വിജയൻ

തിരുവനന്തപുരം: സതീശൻ സർക്കാർ നിയമസഭയിൽ സമർപ്പിച്ച ധനകാര്യ ധവളപത്രത്തിനും സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുമെതിരെ കടുത്ത വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ധവളപത്രം തയ്യാറാക്കിയതിലും സഭയിൽ അവതരിപ്പിച്ചതിലും വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കുന്നതിൽ സർക്കാരിന് വലിയ വീഴ്ചയുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകുന്നേരമാണ് ധവളപത്രത്തിന്റെ റിപ്പോർട്ട് ലഭിച്ചതെന്ന് സർക്കാർ പറയുന്നു. എന്നാൽ ഇത് സഭയിൽ വെക്കുന്നതിന് മുൻപ് ധനവകുപ്പുമായി ചേർന്ന് കൃത്യമായ ഒരു ‘ഫാക്ട് ചെക്ക്’ (വസ്തുതാ പരിശോധന) നടത്തേണ്ടതില്ലേ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളെ വെറും ‘അധികച്ചെലവായി’ മാത്രം കാണുന്ന സർക്കാരിന്റെ നിലപാടിനെ പിണറായി വിജയൻ വിമർശിച്ചു. ക്ഷേമപ്രവർത്തനങ്ങളെ വികസനമായി കാണുന്ന രാഷ്ട്രീയ ദിശയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി വലിയ പ്രതിസന്ധി നേരിട്ടിട്ടും അതിനെക്കുറിച്ച് നയപ്രഖ്യാപനത്തിൽ ഒരു വാക്കുപോലും പറയുന്നില്ല. കഴിഞ്ഞ സർക്കാർ വികസന മുന്നേറ്റമുണ്ടാക്കിയ കിഫ്ബിയുടെ ഭാവി എന്താണെന്ന് വ്യക്തമാക്കാനും ഈ നയപ്രഖ്യാപനത്തിൽ സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ നാടിനെ വല്ലാതെ ബാധിക്കുന്ന പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച് നയപ്രഖ്യാപനത്തിൽ യാതൊരു പരാമർശവുമില്ല. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിക്കാൻ പുതിയ സർക്കാർ ഭയപ്പെടുകയാണെന്നും, സാധാരണ ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നും തന്നെ ഈ നയപ്രഖ്യാപനത്തിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോൽവികളിൽ തളരില്ലെന്ന രാഷ്ട്രീയ പ്രഖ്യാപനത്തോടെയാണ് പ്രതിപക്ഷ നേതാവ് പ്രസംഗം അവസാനിപ്പിച്ചത്. പരാജയം അംഗീകരിച്ചാണ് തങ്ങൾ ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും എന്നാൽ ഇതോടെ എല്ലാം അവസാനിച്ചു എന്ന് ആരും കരുതേണ്ടതില്ലെന്നും, കൂടുതൽ കരുത്തോടെ തങ്ങൾ ജനങ്ങൾക്കിടയിലേക്ക് തിരിച്ചുവരുമെന്നും പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി.

Related Articles

Back to top button