നീറ്റ് പരീക്ഷ റദ്ദാക്കണം, വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലേക്ക് മാറ്റണം… തമിഴ്നാട് സർക്കാർ

ദേശീയതലത്തിലുള്ള നീറ്റ് പ്രവേശന പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്നും വിദ്യാഭ്യാസം പൂർണ്ണമായും സംസ്ഥാന സർക്കാരുകളുടെ കീഴിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്നതാണ് വിഷയത്തിന് ശാശ്വത പരിഹാരമെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിൽ നിയമപരമോ ഭരണപരമോ ആയ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അത് നിയമപരമായിത്തന്നെ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. സംസ്ഥാന സർക്കാരുകൾക്ക് പൂർണ്ണ അധികാരം ലഭിക്കുന്നത് വരെ താൽക്കാലിക നടപടിയെന്ന നിലയിൽ ‘സ്പെഷ്യൽ കൺകറന്റ് ലിസ്റ്റ്’ രൂപീകരിക്കണമെന്ന നിർദ്ദേശവും ടി.വി.കെ മുന്നോട്ടുവെക്കുന്നു. അധികാരത്തിൽ വന്നാൽ നീറ്റ് റദ്ദാക്കുമെന്ന് പറഞ്ഞ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് ഡി.എം.കെ വ്യാജ വാഗ്ദാനമാണ് നൽകിയതെന്ന് ടി.വി.കെ വിമർശിച്ചു. “നീറ്റ് ഞങ്ങൾ തന്നെ റദ്ദാക്കും” എന്ന് പറഞ്ഞ് ആളുകളെ പറ്റിച്ച് വോട്ട് നേടുന്ന ഇത്തരം വഞ്ചനാപരമായ രാഷ്ട്രീയത്തിന് തങ്ങൾ മുതിരില്ലെന്നും ടി.വി.കെ നേതാക്കൾ കൂട്ടിച്ചേർത്തു.

Related Articles

Back to top button