ബലപ്രയോഗമില്ല, യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ, നിലവിളിയുമായി ഭർത്താവ്, പൊലീസെത്തിയതോടെ കഥ മാറി

ഭാര്യയെ കവർച്ചക്കാർ കൊലപ്പെടുത്തിയെന്ന് നിലവിളിയുമായി യുവാവ്. പൊലീസ് ചോദ്യം ചെയ്യലിൽ മൊഴി മാറി. ഭർത്താവ് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. നസ്റീൻ എന്ന യുവതിയുടെ കൊലപാതകത്തിലാണ് സാഖിബ് എന്ന യുവാവ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് ഭാര്യയെ കവർച്ചക്കാർ കൊലപ്പെടുത്തിയെന്നും വീട്ടിൽ മോഷണം നടന്നതായും ബഹളം വച്ച് നാട്ടുകാരെ വിളിച്ച് കൂട്ടിയത്. വീട്ടിലെത്തിയ അയൽവാസികൾ കണ്ടത് കഴുത്ത് അറുത്ത നിലയിൽ യുവതിയെ ആയിരുന്നു. പരിസരവാസികൾ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. വീട്ടിൽ അതിക്രമിച്ചു കയറിയ കവർച്ചക്കാർ തന്റെ ഭാര്യയെ കൊലപ്പെടുത്തുകയും സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തു എന്നായിരുന്നു സാഖിബ് പൊലീസിനോട് പറഞ്ഞിരുന്നത്.

എന്നാൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ സാഖിബിന്റെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തുകയായിരുന്നു. വീടിനുള്ളിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളോ പുറത്തുനിന്നൊരാൾ അതിക്രമിച്ചു കയറിയതിന്റെ തെളിവുകളോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതോടെ സാഖിബിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തനിക്ക് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും ഇതിനെ ഭാര്യ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നും സാഖിബ് മൊഴി നൽകി.

കാമുകിയെ വിവാഹം കഴിക്കാൻ നസ്റീൻ തടസ്സമാകുമെന്ന് കരുതിയ സാഖിബ് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി വീട്ടിലെ അലമാരകൾ വാരിവലിച്ചിടുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത് കവർച്ചാ നാടകം കളിക്കുകയായിരുന്നു. എന്നാൽ സാങ്കേതിക തെളിവുകളും സാഹചര്യത്തെളിവുകളും പരിശോധിച്ച പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ വലയിലാക്കി. പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

Related Articles

Back to top button