കൊച്ചിയിൽ വൻ പ്രതിഷേധം…. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് നിർത്തിവെപ്പിച്ചു

കൊച്ചി: കനത്ത പ്രതിഷേധത്തിനും പോലീസ് ലാത്തിച്ചാർജിനും ഒടുവിൽ എറണാകുളം പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. പ്രദേശത്ത് ജനകീയ പ്രതിഷേധം അക്രമാസക്തമാകുകയും സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു.

സംസ്ഥാന പോലീസ് മേധാവിക്ക് കുടിയൊഴിപ്പിക്കൽ നടപടികളും പോലീസ് ഇടപെടലുകളും അടിയന്തരമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി കർശന നിർദേശം നൽകി. ഉന്നതിയിൽ വിന്യസിച്ചിരിക്കുന്ന പോലീസ് സേനയോട് എത്രയും വേഗം സ്ഥലത്തുനിന്ന് പിന്മാറാനും മന്ത്രി ഉത്തരവിട്ടു.

ഇന്ന് രാവിലെ കുടിയൊഴിപ്പിക്കൽ നടപടികൾക്കായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയതോടെയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കമായത്. ഉദ്യോഗസ്ഥരെ കണ്ടതോടെ ജീവൻ കൊടുത്തും മണ്ണ് സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി ഉന്നതിയിലെ താമസക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. സിപില്ലെം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമരപ്പന്തൽ കെട്ടി ശക്തമായ പ്രതിരോധമാണ് പ്രദേശവാസികൾ തീർത്തത്. പ്രതിഷേധം ശക്തമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ഇടപെടുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ക്രൂരമായ അതിക്രമമാണ് ഉണ്ടായതെന്ന് സമരക്കാർ ആരോപിക്കുന്നു.

ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി പാരിയത്തുകാവിൽ കഴിഞ്ഞ അൻപത് വർഷത്തോളമായി കടുത്ത തർക്കം നിലനിൽക്കുന്നുണ്ട്. പ്രദേശത്തെ ഭൂമിയിൽ അവകാശവാദമുന്നയിച്ച് ഒരു സ്വകാര്യ വ്യക്തി കോടതിയെ സമീപിക്കുകയും, കേസിൽ ഉന്നതിയിലെ കുടുംബങ്ങൾക്ക് എതിരായി വിധി വരികയുമായിരുന്നു. എന്നാൽ തങ്ങൾ താമസിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നാണ് ഉന്നതിയിലെ കുടുംബങ്ങളുടെ വാദം. പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നതിനായി പ്രദേശത്തെ 19 ഏക്കർ ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്താൻ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. സ്ഥലം അളക്കുന്നതിനായി സർക്കാർ മുൻപ് നോട്ടീസ് നൽകിയിരുന്നെങ്കിലും പിന്നീട് തുടർനടപടികൾ ഒന്നും ഉണ്ടായില്ല. ഈ കോടതി ഉത്തരവുകൾ നിലനിൽക്കെയാണ് അതൊന്നും വകവെക്കാതെ ഉദ്യോഗസ്ഥർ പെട്ടെന്ന് കുടിയൊഴിപ്പിക്കലുമായി രംഗത്തെത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുൻപും പലതവണ ഇവിടെ കുടിയൊഴിപ്പിക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അധികൃതർ പിന്മാറുകയായിരുന്നു. ഇത്തവണ കനത്ത പോലീസ് സന്നാഹത്തോടെ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കാൻ ഉറച്ചാണ് അധികൃതർ എത്തിയത്. എന്നാൽ ആഭ്യന്തര മന്ത്രിയുടെ അടിയന്തര ഇടപെടൽ തൽക്കാലത്തേക്ക് ഉന്നതിയിലെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

Related Articles

Back to top button