ഭീതി പരത്തി വിരണ്ടോടി പോത്ത്…. ഓട്ടോറിക്ഷ ഇടിച്ചുതകർത്തു…. ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് വിരണ്ടോടിയ പോത്ത് അക്രമാസക്തനായതിനെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഓട്ടോ പൂർണ്ണമായും തകർത്ത ശേഷം വീണ്ടും ഓടിയ പോത്തിനെ പിന്നീട് കിലോമീറ്ററുകൾക്കപ്പുറം ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് നാദാപുരം വളയം ജാതിയേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ജാഫറിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ ജാതിയേരിയിലായിരുന്നു നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്.
വളയത്തു നിന്ന് നാദാപുരത്തേക്ക് ഓട്ടോയുമായി വരികയായിരുന്നു ജാഫർ. ഈ സമയത്താണ് ഇരുട്ടിൽ നിന്നും പെട്ടെന്ന് ഓട്ടോയ്ക്ക് മുൻപിലേക്ക് പോത്ത് പാഞ്ഞടുത്തത്. നിയന്ത്രിക്കാൻ കഴിയുന്നതിലും വേഗത്തിലായിരുന്ന പോത്ത് ഓട്ടോയിലേക്ക് ഇടിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ജാഫറിന്റെ തലയ്ക്കാണ് പരിക്കേറ്റത്. എന്നാൽ പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അദ്ദേഹത്തെ ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിലവിൽ ചികിത്സ നൽകിയ ശേഷം നിരീക്ഷണത്തിലാണ്. പോത്തിന്റെ ശക്തമായ ഇടിച്ചുകയറ്റത്തിൽ ജാഫറിന്റെ ഓട്ടോറിക്ഷയ്ക്ക് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
പ്രദേശത്തെ ഒരു വീട്ടിൽ വളർത്തുന്ന പോത്താണ് രാത്രിയിൽ പെട്ടെന്ന് കയറുപൊട്ടിച്ച് വിരണ്ടോടിയത്. ഓട്ടോ ആക്രമിച്ച ശേഷം വന്യമായി മുന്നോട്ട് പാഞ്ഞ പോത്തിനെ പിന്നീട് നാട്ടുകാരും ഉടമസ്ഥരും ചേർന്ന് തിരഞ്ഞപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഓട്ടോയിലിടിച്ചപ്പോഴുണ്ടായ ആന്തരിക പരിക്കുകളാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.



